Connect with us

International

മലേഷ്യന്‍ തീരത്ത് ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു

Published

|

Last Updated

ക്വലാലംപൂര്‍: മലേഷ്യന്‍ തീരത്ത് 100ലധികം അഭയാര്‍ഥികളെ കുത്തിനിറച്ചെത്തിയ ബോട്ട് മുങ്ങി 14 പേര്‍ മരിച്ചു. കാണാതായ 12ഓളം ഇന്തോനേഷ്യന്‍ അഭയാര്‍ഥികള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികളാണ് 15 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. 13 സ്ത്രീകളുടെതും ഒരു പുരുഷന്റെതുമടക്കം 14 മൃതദേഹങ്ങള്‍ ഇതുവരെ കടലില്‍ നിന്നും കണ്ടെടുത്തു. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ 12 കപ്പലുകളെയും 200 രക്ഷാപ്രവര്‍ത്തകരടങ്ങിയ ഒരു വിമാനത്തെയും നിയോഗിച്ചതായി മലേഷ്യന്‍ മരിടൈം എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി തലവന്‍ മുഹമ്മദ് എന്ന ഹംദാന്‍ അറിയിച്ചു.
മലേഷ്യയുടെ പടിഞ്ഞാറന്‍ തീരത്ത് തുറമുഖ പട്ടണമായ സബാക്കിനടുത്താണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയും യാത്രക്കാരുടെ ആധിക്യവുമാണ് അപകടത്തിന് കാരണമായതെന്ന് ഹംദാന്‍ പറഞ്ഞു. ബോട്ടിന്റെ വലിപ്പത്തിനനുസരിച്ച് 70ആളുകളെ ഉള്‍കൊള്ളാനുള്ള വലിപ്പമേ ബോട്ടിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ നൂറിലധികം ആളുകള്‍ അതിലുണ്ടായിരുന്നതായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യബന്ധന തൊഴിലാളികല്‍പറഞ്ഞതെന്നും ഹംദാന്‍ കൂട്ടിച്ചേര്‍ത്തു. ബോട്ടിലെ യാത്രക്കാര്‍ മലേഷ്യയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരാണോ, അതോ അനധികൃതമായി മലേഷ്യ വിടാന്‍ ശ്രമിച്ചവരോണോ എന്നത് അധികൃതര്‍ ഉറപ്പിച്ചിട്ടില്ല.
ഇന്തോനേഷ്യക്കാരായ ഇരുപത് ലക്ഷത്തോളം തൊഴിലാളികള്‍ മലേഷ്യയില്‍ അനധികൃതമായി ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ഇന്തോനേഷ്യക്കും മലേഷ്യക്കുമിടയില്‍ സ്ഥിരമായി അപകടകരമായ വിധത്തില്‍ ബോട്ടുകള്‍ അഭയാര്‍ഥികളുമായി അനധികൃത സര്‍വീസ് നടക്കാറുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് മലേഷ്യ. നിരവധി ഇന്തോനേഷ്യക്കാരാണ് ജോലിക്ക് വേണ്ടി മലേഷ്യയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.