ജി വി രാജ ഫുട്‌ബോള്‍; രണ്ടാം സെമിയില്‍ എസ് ബി ടി എയര്‍ ഇന്ത്യയെ നേരിടും

Posted on: September 3, 2015 5:21 am | Last updated: September 3, 2015 at 11:22 am

തിരുവനന്തപുരം: എസ് ബി ടി- ജി വി രാജ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ എസ് ബി ടി, എയര്‍ ഇന്ത്യയെ നേരിടും. ഇന്നലെ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന അവസാന ലീഗ് മത്സരത്തില്‍ ബി എസ് എഫിനോട് സമനില വഴങ്ങിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ സെമി ഫൈനലില്‍ ഇടമുറപ്പിച്ചത്. സെമി ഫൈനലിലേക്ക് പ്രവേശനം നേടാന്‍ മത്സരത്തില്‍ സമനില മാത്രം മതിയായിരുന്ന എസ് ബി ടി സമ്മര്‍ദമില്ലാതെയാണ് കളി തുടങ്ങിയത്. എന്നാല്‍ അവസാന നിമിഷങ്ങളിലെ ബി എസ് എഫിന്റെ നീക്കങ്ങളില്‍ അല്‍പ്പമൊന്ന് പതറിയെങ്കിലും കീഴടങ്ങാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ആറാം മിനുട്ടില്‍ മാര്‍ട്ടിന്‍ ജോണിന്റെ ഗോളിലൂടെ ബേങ്കുകാര്‍ മേല്‍ക്കൈ നേടിയെങ്കിലും 86-ാം മിനുട്ടില്‍ ഹൊപ്‌നാ ഹന്‍സോയിലൂടെ ഗോളിലൂടെ ബി എസ് എഫ് ഒപ്പമെത്തി.
പിന്നീട് ബി എസ് എഫ് ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടതോടെ എസ് ബി ടിയുടെ വലയില്‍ ഏതു നിമിഷവും കുലുങ്ങുമെന്ന അവസ്ഥയായിരുന്നു. ബേങ്കുകാരുടെ പ്രതിരോധം ചിന്നഭിന്നമാക്കി ബി എസ് എഫ് ഭടന്‍മാര്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിക്കൊണ്ടിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങുന്നതുവരെ പട്ടാളക്കാര്‍ എസ് ബി ടിയുടെ പ്രതിരോധം പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. ആദ്യ പകുതിയില്‍ രണ്ടു തുറന്ന അവസരങ്ങള്‍ എസ് ബി ടി താരങ്ങള്‍ പാഴാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ ഇരുടീമുകള്‍ക്കും അഞ്ച് പോയിന്റുവീതം ലഭിച്ചുവെങ്കിലും ഗോള്‍ശരാശരിയില്‍ ലഭിച്ച ആധിപത്യമാണ് എസ് ബി ടി ക്ക് സെമിഫൈനലിലേക്ക് നേടിക്കൊടുത്തത്. ഈ മാസം ആറിന് നടക്കുന്ന കലാശപ്പോരാട്ടത്തിന് കെ എസ് ഇ ബിയെ തോല്‍പ്പിച്ച് ഇന്ത്യന്‍ നേവി അര്‍ഹത നേടിയിട്ടുണ്ട്.