അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി

Posted on: September 2, 2015 2:00 am | Last updated: September 2, 2015 at 6:59 pm

harthalതിരുവനന്തപുരം: വിവിധ ട്രേഡ് യൂനിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി. ഇന്നലെ അര്‍ധരാത്രിയോടെ ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ധരാത്രി വരെ തുടരും. കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് ബി ജെ പിയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനയായ ബി എം എസ് പിന്മാറിയെങ്കിലും ബി എം എസില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പല തൊഴിലാളി സംഘടനകളും സഹകരിക്കുന്നുണ്ട്. റെയില്‍വേയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍വ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കിയതോടെ ജനജീവിതത്തെ ബാധിക്കും. അവശ്യസര്‍വീസുകളായ ആശുപത്രി, ഫയര്‍ഫോഴ്‌സ്, പാല്‍, പത്രം, ഹജ്ജ് തീര്‍ഥാടകര്‍, മരണ, വിവാഹാവശ്യങ്ങള്‍ തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.
വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെ പണിമുടക്കുമായി സഹകരിക്കാനും കടകമ്പോളങ്ങള്‍ അടച്ചിട്ട് പ്രതിഷേധിക്കാനും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലെയും തൊഴിലാളികളോട് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ എന്‍ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ്, സി ഐ ടി യു, ടി യു സി സി, എസ് ഇ ഡബ്ല്യു എ, എ ഐ സി സി, ടി യു സി, യു ടി യു സി, എല്‍ പി എഫ്, ആള്‍ ഇന്ത്യ ഫെഡറേഷന്‍സ് ഓഫ് ബേങ്ക്‌സ് എന്നിവ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. മോട്ടോര്‍ തൊഴിലാളികള്‍, തുറമുഖം, വിമാനത്താവളം, മത്സ്യബന്ധനം, പ്ലാന്റേഷന്‍, ബി എസ് എന്‍ എല്‍, കയറ്റിറക്ക്, നിര്‍മാണം എന്നീ മേഖലകളിലെ തൊഴിലാളികളോടൊപ്പം പ്രതിരോധ മേഖല, കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍, അധ്യാപക സംഘടനകള്‍ എന്നിവരും പണിമുടക്കില്‍ പങ്കാളികളാകും.
ഇതുപക്ഷ സംഘടനകള്‍ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദും ഇന്നായതിനാല്‍ വിദ്യാഭ്യാസ മേഖലയും സ്തംഭനാവസ്ഥയിലാകും. വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ചാണ് എസ് എഫ് ഐ, എ ഐ എസ് എഫ്, എ ഐ ഡി എസ് ഒ, എ ഐ എസ് ബി, പി ഡി എസ് യു എന്നീ സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.