അപകട രഹിത യാത്രക്ക് റെയില്‍വേ പദ്ധതി തയ്യാറാക്കുന്നു

Posted on: September 1, 2015 10:31 pm | Last updated: September 1, 2015 at 10:31 pm

indian-railwaysന്യൂഡല്‍ഹി: അപകടരഹിതമായ ദൗത്യത്തിന് റെയില്‍വേ പദ്ധതികള്‍ തയ്യാറാക്കുന്നു. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചും സിഗ്നല്‍ സംവിധാനം കാര്യക്ഷമാക്കിയും ട്രാക്കുകള്‍ പുതുക്കിപ്പണിതുമാണ് റെയില്‍വേ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഒരു പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍ സമ്പൂര്‍ണമായി ഇത്തരം കാര്യങ്ങള്‍ നടപ്പാക്കിയാല്‍ അപകടത്തിന്റെ തോത് വന്‍തോതില്‍ കുറക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സൗകര്യങ്ങള്‍ വര്‍ധിക്കുകയും സര്‍വീസിന്റെ ഗുണമേന്മ കൂടുകയും വരുമാനത്തില്‍ പുരോഗതി ഉണ്ടാകുകയും ചെയ്യും. യാത്രക്കാര്‍ക്ക് സുഖകരമായ യാത്രക്ക് അവസരമൊരുങ്ങുകയും ചെയ്യും. കഴിഞ്ഞ മാസങ്ങളിലായി റെയില്‍വേ അപകടങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ട്രെയിനുകളുടെ വൈകിയോട്ടം, മോശമായ സര്‍വീസുകള്‍, അപകടങ്ങള്‍ എന്നിവ ഇന്ന് റെയില്‍വേ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ്. മുന്‍കാലങ്ങളില്‍ ഇതിന് വേണ്ടി പണം മുടക്കാത്തത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ ഇപ്പോഴും ഇങ്ങനെ തുടരുന്നത്. അപകടരഹിത ദൗത്യം കൂടുതല്‍ ചെലവേറിയതാണ്. എന്നാല്‍ യാത്രക്കാരുടെ സുരക്ഷിതത്വമാണ് പ്രധാമെന്ന് മന്ത്രി പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 8.5 ലക്ഷം കോടി രൂപ മുതല്‍മുടക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ കൂടുതല്‍ ഫണ്ടുകള്‍ ആവശ്യമുണ്ട്. എന്നാല്‍ ഇത് യാത്രാ കൂലിയില്‍ നിന്ന് ലഭിക്കില്ല. എല്‍ ഐ സി, ലോകബേങ്ക് പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് കടമെടുക്കാനാണ് ഉദ്ദേശ്യം. അടുത്ത 30-40 വര്‍ഷത്തിനുള്ളില്‍ തിരിച്ചടക്കുന്ന രൂപത്തിലാണ് വായ്പയെടുക്കുക. പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്തിക്കൊണ്ടായിരിക്കും ഇക്കാര്യങ്ങള്‍ നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു.