മങ്കട ഗവ. കോളജ് കെട്ടിട ശിലാസ്ഥാപനം ഏഴിന്

Posted on: August 27, 2015 3:06 pm | Last updated: August 27, 2015 at 3:06 pm
SHARE

കൊളത്തൂര്‍: പ്രാരംഭ ഘട്ടത്തില്‍ തന്നെ ഏഴു പ്രധാന കോഴ്‌സുകളോടെ ആരംഭിച്ച മങ്കട ഗവ. കോളജ് കെട്ടിട ശിലാസ്ഥാപനം അടുത്ത മാസം ഏഴിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. 2013 സെപ്തംബറിലാണ് കൊളത്തൂര്‍ ജംഗ്ഷനിലെ താത്കാലിക കെട്ടിടത്തില്‍ കോളജ് ആരംഭിച്ചത്.
ബി എസ് സി സൈക്കോളജി, ബി എസ് സി മാത്‌സ്, ബി കോം, ബി ബി എ, ബി എ ഇംഗ്ലീഷ്, ബി എ ഹിസ്റ്ററി, ബി എ ഇക്കണോമിക്‌സ് എന്നീ പ്രധാന കോഴ്‌സുകളോടെയാണ് കോളജ് ആരംഭിച്ചത്. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തിലെ പുന്നക്കാട് തുടിയാര്‍ കോട്ടയിലാണ് കോളജിന് കെട്ടിടം നിര്‍മിക്കുന്നത്. ഇതിനായി ഒരു ഏക്കര്‍ ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. കോളജിന് കെട്ടിടം പണിയുന്നതിന് അഞ്ച് കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. മൂന്ന് ബാച്ചുകളിലായി അറുന്നൂറോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
കോളജ് ആരംഭിച്ച താത്കാലിക കെട്ടിടത്തില്‍ രണ്ടാം വര്‍ഷക്കാര്‍ എത്തിയതോടെ വിദ്യാര്‍ഥികളെ ഉള്‍കൊള്ളാന്‍ കഴിയാതെ വന്നപ്പോള്‍ കോളജ് പ്രവര്‍ത്തിക്കുന്ന താത്കാലിക കെട്ടിടത്തിന് സമീപം രണ്ട് പുതിയ ഷെഡുകള്‍ കൂടി നിര്‍മിച്ചാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മങ്കടക്കാരുടെ സ്വപ്‌ന പദ്ധതിയാണ് ഗവ കോളജ്. ശിലാസ്ഥാപന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാരും ജനപ്രതിനിധികളും സംബന്ധിക്കുമെന്ന് ടി എ അഹമ്മദ് കബീര്‍ എം എല്‍ എ അറിയിച്ചു.