ബോട്ടിന് അനുമതി നല്‍കിയതില്‍ അഴിമതിയെന്ന് ആരോപണം

Posted on: August 27, 2015 3:34 am | Last updated: August 27, 2015 at 12:36 am
SHARE

boat karakkadippikkunnuകൊച്ചി: അപകടത്തില്‍പ്പെട്ട 35 വര്‍ഷം പഴക്കമുള്ള ബോട്ടിന്റെ നടത്തിപ്പുകാര്‍ക്കും ബോട്ട് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയ അധികാരികള്‍ക്കുമെതിരെ ഫോര്‍ട്ട് കൊച്ചിയില്‍ ജനരോഷം ആളിക്കത്തി. മരത്തില്‍ പണിതീര്‍ത്ത ദ്രവിച്ചു തുടങ്ങിയ ബോട്ട് ഇരുമ്പുവള്ളം ഇടിച്ചതോടെ കഷണങ്ങളായി തകരുകയായിരുന്നു.
ഭാരത്, അര്‍ഷ എന്നീ ബോട്ടുകളാണ് കഴിഞ്ഞ 35 വര്‍ഷത്തിലധികമായി ഫോര്‍ട്ട്‌കൊച്ചി – വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തി വരുന്നത്. വാഹനങ്ങള്‍ കടത്തുന്നതിന് രണ്ട് ജങ്കാറുകളും സര്‍വീസ് നടത്തുന്നുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോട്ടുകള്‍ 19 കൊല്ലം മുമ്പ് കൊച്ചിന്‍ സര്‍വീസസ് എന്ന ബോട്ട് ഓപറേറ്റര്‍മാര്‍ വിലക്ക് വാങ്ങിയതാണ്. ഫോര്‍ട്ട്‌കൊച്ചി – വൈപ്പിന്‍ ബോട്ട് സര്‍വീസ് ടെന്‍ഡര്‍ വിളിച്ചാണ് നല്‍കുന്നതെങ്കിലും കൊച്ചിന്‍ സര്‍വീസസ് ആണ് സ്ഥിരമായി സര്‍വീസ് നടത്തുന്നത്. കാലപ്പഴക്കമുള്ള ബോട്ടുകളെക്കുറിച്ച് നാട്ടുകാര്‍ പലവട്ടം നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. നിറയെ യാത്രക്കാരുമായി പോകുമ്പോള്‍ ഏഴ് തവണ ഈ ബോട്ടുകള്‍ കായലില്‍ വെച്ച് കേടായി എന്‍ജിന്‍ നിലച്ച് കപ്പല്‍ ചാലിലൂടെ ഒഴുകി നടന്നിട്ടുണ്ട്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ദുരന്തം ഒഴിവായിരുന്നത്. 19 തവണ ബോട്ടു സര്‍വീസിനെതിരെ നഗരസഭക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. ബോട്ടില്‍ ആവശ്യത്തിന് ലൈഫ് ബോയകള്‍ പോലും ഉണ്ടായിരുന്നില്ലെന്നും അപകടത്തെ തുടര്‍ന്ന് സമീപത്ത് കിടന്ന മത്സ്യ ബന്ധന ബോട്ടില്‍ നിന്ന് എറിഞ്ഞു കൊടുത്ത ലൈഫ് ബോയകളാണ് യാത്രക്കാര്‍ക്ക് തുണയായതെന്നും നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ നഗരസഭയും കൊച്ചിന്‍ സര്‍വീസസും ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. ബോട്ടുകള്‍ക്ക് കാലപ്പഴക്കം പ്രശ്‌നമല്ലെന്നും ഫിറ്റ്‌നസ് ഉറപ്പാക്കി മാത്രമാണ് ഈ ബോട്ടുകള്‍ സര്‍വീസിന് ഇറക്കിയിട്ടുള്ളതെന്നും നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ സോഹന്‍ പറഞ്ഞു.
ഇവിടെ സര്‍വീസ് നടത്തുന്ന രണ്ട് ബോട്ടുകളും രണ്ട് ജങ്കാറുകളും എല്ലാ വര്‍ഷവും ഡ്രൈഡോക്കിംഗ് നടത്തി കൊച്ചിന്‍ പോര്‍ട്ടിന്റെയും കേരള പോര്‍ട്ടിന്റെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് സര്‍വീസി നിറക്കുന്നതെന്ന് കൊച്ചിന്‍ സര്‍വീസസിന്റെ നടത്തിപ്പുകാരില്‍ ഒരാളായ നൗഷാദ് പറയുന്നു. അപകടം നടക്കുമ്പോള്‍ ബോട്ടില്‍ ആവശ്യത്തിന് ലൈഫ് ബോയകള്‍ ഉണ്ടായിരുന്നുവെന്നും ഇതാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കനാല്‍ വകുപ്പിന്റെ കീഴിലാണ് ബോട്ടുകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി വേണ്ടത്ര പരിശോധന നടത്താതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ചെയ്തുവരുന്നതെന്നും നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ജേക്കബ് പറഞ്ഞു.
എന്തായാലും പഴഞ്ചന്‍ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ ഇനി അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. ഈ ബോട്ടുകള്‍ ഇനി സര്‍വീസിനിറക്കിയാല്‍ ബോട്ട് ജെട്ടി ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.