കൂടുതല്‍ ശക്തമായ ശ്രീലങ്ക

Posted on: August 23, 2015 6:00 am | Last updated: August 23, 2015 at 12:13 am
SHARE

പതിനാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ശ്രീലങ്കയില്‍ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യു എന്‍ പി) വീണ്ടും അധികാരത്തിലെത്തി. രാജ്യത്തിനകത്ത് തമിഴ് വംശജര്‍ക്ക് ഒരു പ്രത്യേക രാജ്യമെന്ന നിലപാടെടുത്ത് തമിഴ് വംശജരെ വലിയ പരിധി വരെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞ എല്‍ ടി ടി ഇയെ സൈനിക നടപടിയിലൂടെ നിര്‍ദ്ദയം നിലം പരിശാക്കിയ നേതാവെന്ന നിലയില്‍ സിംഹളര്‍ക്കിടയില്‍ ആരാധ്യസ്ഥാനമുണ്ടായിരുന്ന മുന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്‌സെയുടെ തിരിച്ച് വരവ് ഈ തിരഞ്ഞെടുപ്പില്‍ പലരും പ്രതീക്ഷിച്ചിരുന്നതാണ്. അദ്ദേഹം നയിക്കുന്ന യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലൈന്‍സ് (യു പി എഫ് എ) തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പലപ്പോഴും യു എന്‍ പിയെ കവച്ച് വെക്കുകയും ചെയ്തു. 2001ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു എന്‍ പി 105 സീറ്റകള്‍ നേടി. ഇത്തവണ 225 അംഗ പാര്‍ലിമെന്റില്‍ നേടിയത് 106 സീറ്റ് . കേവല ഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റിന് 7 സീറ്റ് കുറവ്. പ്രസിഡണ്ട് മൈത്രീപാലയുും സിരിസേനയും ശ്രീലങ്കന്‍ ഫ്രീഡംപാര്‍ട്ടി (എസ് എല്‍ എഫ് പി) യുടെ പിന്തുണയോടെയാണ് വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു ദേശീയ സര്‍ക്കാര്‍ രൂപവത്കരണത്തിന് യു എന്‍ പി സന്നദ്ധമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഹിന്ദ രാജ്പക്‌സെയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാനാകാത്ത തിരിച്ചടിയാണ്. എട്ടുമാസത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രിയായി അധികാരത്തിലെത്താമെന്ന രാജപക്‌സയുടെ മോഹമാണ് ഇവിടെ തറ പറ്റിയത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ തികച്ചും അപ്രതിക്ഷിതമായി പരാജയപ്പെട്ട രാജപക്‌സെക്ക്, രാഷ്ട്രീയമായി ഒരു തിരിച്ച് വരവ് ഇനി അസാധ്യമാണെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധരുടെ കണക്ക്കൂട്ടല്‍. രാജപക്‌സെയും ഇക്കാര്യം തിരിച്ചറിയുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ജനവിധിയെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം നടത്തിയ പ്രതികരണത്തെ കാണുക. ‘പ്രസിഡണ്ട് ആകാനുള്ള എന്റെ സ്വപ്‌നം വീണ്ടും പൊലിഞ്ഞു’ എന്നായിരുന്നു പ്രതികരണം. ‘നല്ല ഭരണത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാര’മെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ജനവിധിയെ വിലയിരുത്തുന്നു.
ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് ഫലത്തെ അതീവ ശ്രദ്ധയോടെയാണ് ഇന്ത്യ നിരീക്ഷിച്ചത്. വിക്രമ സിംഗെ വീണ്ടും പ്രധാനമന്ത്രിയായത് ഇന്ത്യക്ക് ഏറെ ആശ്വാസകരമാണ്. ചൈനയുമായുള്ള ചങ്ങാത്തം ശക്തിപ്പെടുത്താനും, ശാശ്വതവത്കരിക്കാനും രാജപക്‌സെക്ക് ഉദ്ദേശമുണ്ടായിരുന്നു. ചൈനയുടെ മുങ്ങിക്കപ്പല്‍ കൊളംബോയില്‍ അടുപ്പിക്കാന്‍ രാജപക്‌സെ അനുമതി നല്‍കിയത് ഇന്ത്യയുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു. ശ്രീലങ്കയില്‍ വന്‍ പദ്ധതികളില്‍ ചൈന നിക്ഷേപം നടത്തുകയും ചെയ്തു. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ചൈനക്ക് ഉദ്ദേശമുണ്ട്. അതിന് ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങള്‍ സജീവമാണ്.
എല്‍ ടി ടി ഇയെ യുദ്ധത്തിലൂടെ തകര്‍ത്ത രാജപക്‌സെ, യുദ്ധാനന്തരം തമിഴ് വംശജരെ പുനരധിവസിപ്പിക്കുമെന്നും അവര്‍ക്കായി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇതിലേക്ക് ഇന്ത്യ കൈയയച്ച് സഹായവും നല്‍കിയിരുന്നു. പക്ഷെ, പദ്ധതികളുടെ നടത്തിപ്പ് ഒച്ചിന്റെ വേഗതയിലാണ്. തമിഴ് ഭൂരിപക്ഷ മേഖലയായ വടക്കുകിഴക്കന്‍ പ്രവിശ്യകളില്‍നിന്നും സേനയെ പിന്‍വലിക്കുമെന്ന പ്രഖ്യാപനം കാറ്റില്‍ പറത്തി. ഇപ്പോഴും സൈനിക സാന്നിദ്ധ്യം ദൃശ്യമാണ്. യുദ്ധവേളയില്‍ നടന്ന മനുഷ്യാവകാശ ലംഘനത്തിനും യുദ്ധ കുറ്റ കൃത്യങ്ങള്‍ക്കും രാജപക്‌സെ പ്രതിസ്ഥാനത്താണ്. യു എന്‍ അന്വേഷണവുമായി സഹകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. എല്‍ ടി ടി ഇയെ നിലംപരിശാക്കിയതിന് വീരപരിവേഷം ചാര്‍ത്തപ്പെട്ടിരുന്ന രാജപക്‌സെയെ ശ്രീലങ്കന്‍ ജനത ശരിക്കും തിരിച്ചറിഞ്ഞുവെന്നതിന് തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. രാജപക്‌സെ ഭരണത്തില്‍ പ്രകടമായിരുന്ന സ്വേഛാധിപത്യപ്രവണതയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുമെന്നാണ് വിക്രമ സിംഗെയുടെ വാഗ്ദാനം. പ്രവിശ്യകളിലേക്ക് അധികാര വികേന്ദ്രീകരണം ഉറപ്പാക്കുക, ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുക, എക്‌സിക്യൂട്ടിവ് പ്രസിഡന്‍സിയുടെ അമിതാധികാര പ്രവണത നിയന്ത്രിക്കാന്‍ സ്വതന്ത്ര- നിഷ്പക്ഷ കമ്മീഷനെ നിയമിക്കുക, ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാന തീരുമാനങ്ങള്‍ വിക്രമസിംഗെ സര്‍ക്കാര്‍ നടപ്പാക്കിയാല്‍ ശ്രീലങ്ക കൂടുതല്‍ ശക്തമാകും. അത് ഏഷ്യനുപഭൂഖണ്ഡത്തിലും ലോകത്താകെ തന്നെയും ഗുണാത്മക ഫലങ്ങള്‍ ഉളവാക്കുമെന്ന് തീര്‍ച്ചയാണ്.