സംസ്ഥനത്ത് കടലാക്രമണ ഭീഷണിക്ക് പരിഹാരം കാണും: മുഖ്യമന്ത്രി

Posted on: August 22, 2015 9:58 am | Last updated: August 22, 2015 at 9:58 am
SHARE

വടകര: സംസ്ഥാനത്ത് നിലനില്‍ക്കുന്ന രൂക്ഷമായ കടലാക്രമണ ഭീഷണിക്ക് പരിഹാരം കാണാന്‍ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദേശിയ ദുരന്ത നിവാരണ അതോറിറ്റി വടകരയില്‍ 2.5 കോടി ചെലവില്‍ പശ്ചിമ തീരത്ത് നിര്‍മിച്ച ആദ്യ സൈക്ലോണ്‍ ഷെല്‍ട്ടര്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലാക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ഇനിയും കേന്ദ്രവുമായി ചര്‍ച്ചകള്‍ തുടരും.
സംസ്ഥാനത്ത് കടലോര മേഖലിയില്‍ കടലാക്രമണം മൂലം വരുന്ന ദുരിതം ഏറെയാണ്. ഇതിന് അറുതി വരുത്തും. ഏറ്റവും കൂടുതല്‍ ഭീഷണിയുള്ള പ്രദേശത്തെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കും.
ദേശിയ ദുരന്ത നിവാരണ സേനയുടെ ഒരു സുസ്ഥിര കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരുന്നു. പേരാമ്പയിലെ എരവട്ടൂര്‍ പ്രദേശം അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങള്‍ കണക്കിലെടുത്താണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര സഹവകുപ്പ് മന്ത്രിയായ കാലത്താണ് സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. നൂറില്‍ പരം സൈക്ലോണ്‍ ഷെല്‍ട്ടറുകളില്‍ ആദ്യത്തേതാണ് വടകരയിലേത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി അധ്യക്ഷത വഹിച്ചു. സി പി ഡബ്ല്യൂ ഡി സുപ്രണ്ട് എന്‍ജിനീയര്‍ രാംനാഥ് റാം റിപ്പോര്‍ട്ട് അവതരിപ്പച്ചു. കെ പി ബാലന്‍, അബ്ദുല്‍ കരീം, കെ സി അബു, കൂടാളി അശോകന്‍ സംസാരിച്ചു.