സീപ്ലെയിന്‍ പദ്ധതി: മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകും

Posted on: August 13, 2015 5:47 am | Last updated: August 12, 2015 at 11:47 pm
SHARE

തിരുവനന്തപുരം: നിര്‍ദിഷ്ട സീപ്ലെയിന്‍ പദ്ധതി സംബന്ധിച്ച് അവരുടെ ആശങ്കള്‍ പരിഹരിച്ചും കാര്യങ്ങള്‍ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തിയും മാത്രമേ മുന്നോട്ടുപോകുകയുള്ളൂവെന്ന് ഇതുസംബന്ധിച്ച് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായി.
പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് വിദഗ്ധ സമിതി മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കാനിരുന്ന സീപ്ലെയിന്‍ സര്‍വീസ് പദ്ധതി വിവിധയിടങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ മാറ്റി വെക്കുകയായിരുന്നു. ഇത് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, മന്ത്രി കെ ബാബു എന്നിവര്‍ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പദ്ധതി സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മധുസൂദന കുറുപ്പിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുമായി വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ ഏകോപന സമിതിയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിനും അവസരമൊരുക്കനാണ് ചര്‍ച്ചയിലെ തീരുമാനം. പദ്ധതി പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും, അവരെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ടു പോകാവൂ എന്നും പദ്ധതിയുടെ ഗുണഫലം മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്നും വിദഗ്ധ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സീപ്ലെയിനിന്റെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തുന്നതിന് ഏകോപന സമിതി നേതാക്കള്‍ക്ക് മുമ്പാകെ സീപ്ലെയിന്‍ ഡെമോണ്‍സ്‌ട്രേഷന്‍ ഫ്‌ളൈറ്റ് നടത്താനും യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ മന്ത്രിമാര്‍ക്ക് പുറമെ വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here