തിരഞ്ഞെടുപ്പ് കമ്മീഷന്‍- സര്‍ക്കാര്‍ തര്‍ക്കം: ഗവര്‍ണര്‍ ഇടപെടുന്നു

Posted on: August 10, 2015 6:04 am | Last updated: August 10, 2015 at 6:50 pm
SHARE

sathashivam

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തര്‍ക്കത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. ഇതുസംബന്ധിച്ച പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വാര്‍ഡ് വിഭജനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന കമ്മീഷന്റെ ആവശ്യം സര്‍ക്കാറിന് സ്വീകാര്യമല്ലാതെ വന്നതോടെയാണ് കമ്മീഷനും സര്‍ക്കാറും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നീങ്ങിയത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാറിനും ഗവര്‍ണര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കത്തയച്ചിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നത്. അടുത്ത നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരണമെന്നതിനാല്‍ പ്രതിസന്ധി പരിഹരിച്ച് വ്യക്തത വരുത്തണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതോടെ തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ അവ്യക്തത തുടരുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കുന്നതിന് തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാവശ്യപ്പെടുന്നതിന്റെ സാധ്യതകളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും.
തിരുവന്തപുരത്തെ കഴക്കൂട്ടം ഉള്‍പ്പെടെ പുതിയ നാല് മുനിസിപ്പാലിറ്റികളുടെ രൂപവത്കരണം തടഞ്ഞ ഹൈക്കോടതി ഉത്തരവും സര്‍ക്കാറിന് തിരിച്ചടിയായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നാളെ അപ്പീല്‍ നല്‍കും. പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച അമ്പതോളം പരാതികളിലും നാളെ ഹൈക്കോടതി വിധി പറയും.
പുതിയ ബ്ലോക്കുകളുടെയും പഞ്ചായത്തുകളുടെയും വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാന്‍ ഇനിയും ഒന്നര മാസത്തോളം എടുക്കും. എങ്കിലും വാര്‍ഡ് വിഭജനത്തില്‍ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമ നടപടികള്‍ നീണ്ടുപോയാല്‍ ഒക്‌ടോബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ആവശ്യപ്പെടുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. പഞ്ചായത്തീരാജ് നിയമത്തിലെ സെക്ഷന്‍ 151 ഇതിനനുവദിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വാദം.
തദ്ദേശ സ്ഥാപന ഭരണസമിതി അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയാലുടന്‍ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെടണമെന്നാണ് ഭരണഘടനയിലെ അനുച്ഛേദം 253 (കെ) അനുശാസിക്കുന്നത്. ഇതിനായി തിരഞ്ഞെടുപ്പ് നടക്കേണ്ട വര്‍ഷം ജനുവരി ഒന്നിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി ഡീലിമിറ്റേഷന്‍ കമ്മീഷനെ സര്‍ക്കാര്‍ അറിയിച്ചിരിക്കണമെന്നാണു ചട്ടം. എന്നാല്‍, ഈ കാലാവധി കഴിഞ്ഞ് എട്ട് മാസം പിന്നിട്ടിട്ടും സര്‍ക്കാറിന് പഞ്ചായത്ത് – നഗരസഭാ പുനര്‍വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ജൂലൈ 31നകം വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നെങ്കിലും ഗ്രാമ പഞ്ചായത്തുകളുടെ വിഭജനം മാത്രമാണ് ഏതാണ്ട് പൂര്‍ത്തിയായത്. നഗരസഭകളുടെ വിഭജനം അനിശ്ചിതത്വത്തിലാണ്. ഇത് പൂര്‍ത്തിയായ ശേഷം വേണം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഭജനത്തിലേക്ക് കടക്കാന്‍. ബ്ലോക്ക് പഞ്ചായത്തുകളുടെ പട്ടിക സമര്‍പ്പിച്ചെങ്കിലും വാര്‍ഡുകളും സംവരണക്രമവും നല്‍കിയിട്ടില്ല. 69 ഗ്രാമപഞ്ചായത്തുകളും 32 മുനിസിപ്പാലിറ്റികളും ഒരു കോര്‍പറേഷനും പുതുതായി രൂപവത്കരിക്കാനായിരുന്നു തീരുമാനം. ഇതിനായി 242 തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണം. തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷനുകളില്‍ വിഭജിച്ച് പുതിയ നഗരസഭകള്‍ രൂപവത്കരിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നുവെന്നാണ് വിലയിരുത്തല്‍.