Connect with us

Kerala

ആഭ്യന്തര മന്ത്രിക്കെതിരെ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം: തങ്ങളുടെ വകുപ്പില്‍ കൈകടത്തുന്നുവെന്ന് ആരോപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഘടകകക്ഷി മന്ത്രിമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കി. പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്, ജലവിഭവ വകുപ്പ് മന്ത്രിയുമായ പി.ജെ.ജോസഫ് എന്നിവരാണ് പരാതി നല്‍കിയത്. കടലുണ്ടിയിലെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിജലന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതാണ് മന്ത്രിമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

എഞ്ചിനയര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുമ്പ്് ആഭ്യന്തര വകുപ്പ് തങ്ങളോട് ആലോചിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. ഏകപക്ഷീയമായ നിലപാടുകളാണ് ആഭ്യന്തര വകുപ്പിന്റേത്. പല കാര്യങ്ങളിലും വകുപ്പ് മന്ത്രിമാരെ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാക്കുകയാണെന്നും പരാതിയില്‍ പറയുന്നു. മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ കൈ കടത്തുന്നത് ഉചിതമായ രീതിയല്ലെന്നും ഇക്കാര്യം മുഖ്യമന്ത്രി അടിയന്തരമായി പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മറ്റ്് വകുപ്പുകളെ ബലിയാടാക്കുകയാണെന്ന സംശയവും മന്ത്രിമാര്‍ ഉയര്‍ത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയോട് സംസാരിക്കാം എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയതെന്നാണ് സൂചന.