മണ്ണിടിച്ചില്‍; നേപ്പാളില്‍ 24 മരണം

Posted on: July 31, 2015 3:45 am | Last updated: July 30, 2015 at 10:46 pm

കാഠ്മണ്ഡു: നേപ്പാളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. സംഭവത്തില്‍ 24 പേര്‍ മരിക്കുകയും ധാരാളം പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലെ ശക്തമായ ഭൂകമ്പം തകര്‍ത്ത മൂന്ന് ജില്ലകളിലെ നിരവധി വീടുകള്‍ തുടച്ച് നീക്കുന്നതിനും മണ്ണിടിച്ചില്‍ ഇടയാക്കി. 20ലധികം പേരെ കാണാതായെന്ന് കരുതപ്പെടുന്ന ഹിമാലയന്‍ താഴ്‌വരയിലെ പടിഞ്ഞാറ് ജില്ലയായ കാസ്‌കിയില്‍ തകര്‍ന്നു വീണ പാറക്കഷ്ണങ്ങള്‍ക്കും മണ്ണിനും താഴെ സുരക്ഷാ സൈനികര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ 21ആയി ഉയര്‍ന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരുക്കേറ്റ 18 പേരെ പ്രാഥമിക ചികിത്സ നല്‍കുന്നതിന് സമീപത്തെ പ്രാദേശിക ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് കാസ്‌കി പോലീസ് മേധാവി രജൗര്‍ വ്യക്തമാക്കി.
കാസ്‌കിന് തൊട്ടടുത്ത പ്രദേശങ്ങളായ മ്യാഗ്ദി, ബഗ്‌ലുംഗ് ജില്ലകളില്‍ സംഭവിച്ച മണ്ണിടിച്ചിലില്‍ 83വയസ്സ് പ്രായമായ ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്ന് പ്രദേശത്തെ അധികൃതര്‍ വ്യക്തമാക്കി. മലമ്പ്രദേശമായ ഇവിടെ എല്ലാ കാലവര്‍ഷ സമയത്തും മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ മൂലം ധാരാളം പേര്‍ക്ക് ജീവഹാനി സംഭവിക്കാറുണ്ട്. പൊക്കാറ നഗരത്തിനു സമീപത്തുള്ള ഒരു സ്‌കൂളിന് മുകളില്‍ രണ്ടാഴ്ച മുമ്പ് സംഭവിച്ച മണ്ണിടിച്ചിലില്‍പ്പെട്ട് ഒരു വിദ്യാര്‍ഥി മരണമടഞ്ഞിരുന്നു. കഴിഞ്ഞ മാസം വടക്കു കിഴക്ക് ഗ്രാമത്തില്‍ ഉണ്ടായ മറ്റൊരു മണ്ണിടിച്ചില്‍ കാരണമായി 35 പേരും മരിച്ചിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 25ന് രാജ്യത്തെ നടുക്കിയ ഭൂകമ്പത്തില്‍ നിന്ന് ഇവിടുത്തുകാര്‍ ഇപ്പോഴും മുക്തമായിട്ടില്ല. ലക്ഷക്കണക്കിന് പേര്‍ ഇപ്പോഴും താത്കാലിക അഭയാര്‍ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. ഇതിന് പുറമെ ഇടക്കിടെയുണ്ടാകുന്ന തുടര്‍ഭൂകമ്പങ്ങളും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ഭൂകമ്പത്തില്‍ 8,000ത്തിലധികം പേര്‍ മരിച്ചിരുന്നു.