Connect with us

Eranakulam

ആലുവയില്‍ പിടികൂടിയ ബ്രൗണ്‍ഷുഗര്‍ വന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നെന്ന്

Published

|

Last Updated

കൊച്ചി: ആലുവയില്‍ കഴിഞ്ഞ ദിവസം എക്‌സൈസ് പിടിച്ചെടുത്ത ഒന്നര കിലോ ബ്രൗണ്‍ഷുഗര്‍ വന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നെന്ന് പോലീസ്. കാശ്മീരില്‍ നിന്ന് ബ്രൗണ്‍ഷുഗര്‍ കടത്തിക്കൊണ്ടുവന്ന രണ്ടു പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആലുവ ചുണങ്ങംവേലി തറയില്‍ സുബ്രഹ്മണ്യന്റെ മകന്‍ വിഷ്ണു വര്‍ധന്‍(29), ചുണങ്ങംവേലി സ്വദേശി വട്ടത്തറ ശാന്തശീലന്റെ മകന്‍ ശ്യാംജിത്(27) എന്നിവരാണ് അറസ്റ്റിലായത്. ബ്രൗണ്‍ഷുഗര്‍ കടത്തുന്ന സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന ആലുവ കരുമാല്ലൂര്‍ മറിയപ്പടി സ്വദേശി ഇബ്‌റാഹിമിന് വേണ്ടി എക്‌സൈസ് സംഘം ഊര്‍ജിത അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കോഴിക്കോട് പുതുമന എബിന്‍ ജോസ്(24),ആലുവ തുരുത്ത് മംഗലശേരി വീട്ടില്‍ ശാഫി നൗഷാദ് (21),ആലുവ തോട്ടുമുഖം പണിക്കാശേരി വീട്ടില്‍ ആബിക് (27) എന്നിവര്‍ ഇബ്‌റാഹിമിന്റെ മയക്കുമരുന്നു റാക്കറ്റിലെ കണ്ണികളാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്ത പറവൂര്‍ വള്ളുവള്ളി സ്വദേശി മുഹമ്മദ് ഹാരിസും ഇബ്‌റാഹിമും ചുമതലപ്പെടുത്തിയതനുസരിച്ചാണ് വിഷ്ണുവും ശ്യാംജിത്തും കഴിഞ്ഞ 16ന് കാശ്മീരില്‍ നിന്ന് അഞ്ച് കിലോ ബ്രൗണ്‍ഷുഗര്‍ കടത്തിക്കൊണ്ടുവന്നത്. വിഷ്ണുവിനെയാണ് ഇവര്‍ ദൗത്യത്തിന് ചുമതലപ്പെടുത്തിയത്. ശ്യാംജിത്തിനെ വിഷ്ണു കൂടെ കൂട്ടുകയായിരുന്നു. 50,000 രൂപയും യാത്രാ ചെലവുമായിരുന്നു ഇയാള്‍ക്കുള്ള പ്രതിഫലം. ഡല്‍ഹിയിലേക്ക് വിമാനത്തിലും അവിടെ നിന്ന് ട്രെയിനിലുമായിരുന്നു യാത്ര. ശ്രീനഗറിലെത്തി ഹാരിസും ഇബ്‌റാഹിമും നിര്‍ദേശിച്ച പോലെ ഇറ എന്ന ഹോട്ടലില്‍ മുറിയെടുത്ത ഇരുവരും ഫോണില്‍ ലഭിച്ച നിര്‍ദേശമനുസരിച്ച് പ്രത്യേക കോഡ് ഉപയോഗിച്ച് പൊതിഏറ്റുവാങ്ങുകയായിരുന്നു. വ്യക്തതയില്ലാതെ ഹിന്ദി സംസാരിച്ചിരുന്ന ഇയാള്‍ ആരാണെന്ന് ഇരുവര്‍ക്കുമറിയില്ല. കാഴ്ചക്ക് പാക്കിസ്ഥാനിയെ പോലെ തോന്നിക്കുമെന്നാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബ്രൗണ്‍ഷുഗറിനുള്ള പണം നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നില്ല. കാശ്മീരികളുമായുള്ള പണമിടപാട് മറ്റേതോ മാര്‍ഗത്തിലൂടെയാണ് നടത്തിയതെന്നാണ് സൂചന. ബസിലായിരുന്നു മടക്കയാത്ര. ബ്രൗണ്‍ഷുഗര്‍ ഹാരിസിന് എത്തിച്ചുകൊടുത്തതോടെ വിഷ്ണുവിന്റെയും ശ്യാംജിത്തിന്റെയും റോള്‍ അവസാനിച്ചു. ആലുവയില്‍ കൊണ്ടു വന്ന അഞ്ച് കിലോ കഞ്ചാവില്‍ നിന്ന് രണ്ടു കിലോ ഹാസിസും അബീക്കും ചേര്‍ന്ന് പാലക്കാട് കൊണ്ടു പോയി വില്‍പ്പന നടത്തി. ഒന്നര കിലോ വിദേശത്തേക്ക് കടത്തിയെന്നും പറയുന്നു. ബ്രൗണ്‍ഷുഗര്‍ റാക്കറ്റിലെ പ്രധാനിയായ ഇബ്‌റാഹിമിനെ പിടികൂടിയാലേ സംഘത്തിലെ കണ്ണികളെക്കുറിച്ചും ഹാരിസിന്റെ മരണം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. ഹാരിസിനെ മുന്നില്‍ നിര്‍ത്തി എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് ഇബ്‌റാഹിം ആണ്. ഇയാള്‍ക്ക് കുഴല്‍പ്പണ ബിസിനസും ഉള്ളതായി പോലീസ് സംശയിക്കുന്നു

Latest