Connect with us

International

അഫ്ഗാന്‍- താലിബാന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഈ മാസം

Published

|

Last Updated

ഇസ്‌ലാമാബാദ്: അഫ്ഗാന്‍- താലിബാന്‍ സമാധാന ചര്‍ച്ച രണ്ടാം ഘട്ടത്തിലേക്ക്. ഈ മാസം അവസാനത്തോടെയാണ് ഇരുവിഭാഗത്തിന്റെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിനടുത്ത് മുര്‍റിയില്‍ വെച്ച് ഈ മാസം ഏഴിനായിരുന്നു സമാധാന ചര്‍ച്ചയുടെ പ്രാരംഭ ഘട്ടം. അഫ്ഗാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലുമുള്ള സമാധാന-അനുരഞ്ജന ശ്രമങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി അഫ്ഗാന്‍ ഭരണകൂടത്തിനെയും അഫ്ഗാനിലെ താലിബാന്‍ പ്രതിനിധികളെയും ഒന്നിച്ചിരുത്തി മുര്‍റിയില്‍ വെച്ച് ഒരു സംഗമം വിളിച്ചു കൂട്ടിയെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ പ്രഥമ സംഗമത്തിന് ശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ചര്‍ച്ചയുടെ അടുത്ത ഘട്ടം റമസാനിന് ശേഷമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. അതിനു പുറമേ ഇരു കൂട്ടരും ഇത്തരം സമാധാന ഉദ്യമങ്ങളുമായി മുന്നോട്ട് പോകാന്‍ സന്നദ്ധരാണെന്ന് അറിയിക്കുകയും ചെയ്തതായി ഒരു മുതിര്‍ന്ന വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയുടെ കൃത്യ സമയവും വേദിയും എവിടെയെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അതേസമയം ഈ മാസം 30നോ 31നോ ആയിരിക്കും ചര്‍ച്ചയെന്നും പാക്കിസ്ഥാനിലോ ചൈനയിലോ ആയിരിക്കും വേദിയെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടി ചെയ്തിരുന്നു. ചര്‍ച്ചക്ക് നിശ്ചിത ലക്ഷ്യമില്ലെങ്കിലും വെടിനിര്‍ത്തലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് ഇരു കൂട്ടരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ചെറിയ പെരുന്നാള്‍ സന്ദേശത്തില്‍ സമാധാന ശ്രമങ്ങളെ പിന്തുണച്ചു കൊണ്ട് താലിബാന്‍ മേധാവി മുല്ലാ ഉമര്‍ നല്‍കിയ സന്ദേശം ഇരുകൂട്ടര്‍ക്കും ആത്മ വിശ്വാസം നല്‍കുന്നതായിരുന്നു.

Latest