Connect with us

Editorial

എ ജി ഓഫീസ് വിമര്‍ശിക്കപ്പെടുന്നത്

Published

|

Last Updated

അതിരൂക്ഷമായ വിമര്‍ശ മാണ് അഡ്വ. ജനറല്‍ ഓഫീസിനും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കുമെതിരെ വ്യാഴാഴ്ച ഹൈക്കോടതിയില്‍ നിന്നുണ്ടായത്. എ ജി ഓഫീസില്‍ 120 അഭിഭാഷകരുണ്ടെങ്കിലും അവരെക്കൊണ്ട് പ്രയോജനമില്ല. അബ്കാരി ഗ്രൂപ്പുകളുടേയോ ബിസിനസ് ഗ്രൂപ്പുകളുടേയോ നോമിനികളാണവര്‍. കോടതിയുടെ ആവശ്യങ്ങള്‍ കൃത്യസമയത്ത് നടത്തിക്കൊടുക്കുന്ന കാര്യത്തില്‍ ഓഫീസ് വീഴ്ച വരുത്തുന്നു. കോടതി ഉത്തരവുകള്‍ നടപ്പാക്കാനും മുന്‍കൈയെടുക്കുന്നില്ല. കേസ് നടത്തിപ്പ് എങ്ങനെയായിരിക്കണമെന്ന് തമിഴ്‌നാട് അഭിഭാഷകരെ കണ്ട് പഠിക്കേണ്ടതാണ് നമ്മുടെ അഭിഭാഷകര്‍. ഇവരെക്കൊണ്ട് കേസ് നടത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ലെങ്കില്‍ കേസുകള്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കട്ടെ. എന്നിങ്ങനെ നീളുന്നു ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ വിമര്‍ശം. ഓപറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട റെയ്ഡുകളുടെയും നടപടികളുടെയും രേഖകള്‍ ഹാജരാക്കുന്നതില്‍ എ ജി ഓഫീസ് വരുത്തിയ വീഴ്ചയാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത.്
സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതി വിമര്‍ശത്തിന് വിധേയമാകുന്നത് ഇതാദ്യമല്ല. 2013 ഒക്‌ടോബറില്‍ കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ കെടുകാര്യസ്ഥതക്കെതിരേ ജസ്റ്റിസ് ഹാറൂണ്‍ റഷീദ് ശക്തമായി പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ അഭിഭാഷകര്‍ കഴിവ് കെട്ടവരാണെന്നും രാഷ്ട്രീയ സ്വാധീനമാണ് അവരുടെ നിയമന മാനദണ്ഡമെന്നും ഇത് കഴിവുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുന്നതായും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. ഈ പരാമര്‍ശം സര്‍ക്കാര്‍ അഭിഭാഷകരുടെ ആത്മവീര്യം തകര്‍ക്കുന്നതും ജനങ്ങള്‍ക്കിടിയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമായതിനാല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 107 സര്‍ക്കാര്‍ അഭിഭാഷകര്‍ ചേര്‍ന്ന് ഹരജി സമര്‍പ്പിച്ചെങ്കിലും ജസ്റ്റിസ് ഹാറൂണ്‍ റശീദ് തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയും ഹരജി തള്ളുകയുമാണുണ്ടായത്.
അഭിഭാഷകരുടെ വീഴ്ചയും അലംഭാവവുമാണ് പല കേസുകളിലും സര്‍ക്കാര്‍ പരാജയപ്പെടാന്‍ കാരണം. കരിമണല്‍ കേസില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ നിന്ന് സ്വകാര്യ മേഖലക്ക് അനുകൂലമായ വിധി വന്നത് അഡ്വ. ജനറല്‍ അപ്പീല്‍ നല്‍കാന്‍ വൈകിയത് കൊണ്ടായിരുന്നു. യഥാസമയം അപ്പീല്‍ നല്‍കാതിരുന്നത് വെറും വീഴ്ചയായി കാണാന്‍ കഴിയില്ലെന്നും എ ജി അപ്പീല്‍ നടപടികള്‍ ഒന്നര വര്‍ഷം താമസിപ്പിച്ചത് സര്‍ക്കാറിനെ സമൂഹമധ്യത്തില്‍ ബോധപൂര്‍വം ഇകഴ്ത്തിക്കെട്ടാനാണെന്നും ഭരണപക്ഷ എം എല്‍ എയായ ടി എന്‍ പ്രതാപന്‍ പോലും അന്ന് ആരോപിക്കുയുണ്ടായി. കേസ് നടത്തിപ്പിലെ ഈ ഗുരുതരമായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹം കത്ത് നല്‍കുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ കേസ്, മതികെട്ടാന്‍ കേസ്, സലീം രാജിന്റെ ഭൂമി തട്ടിപ്പ് കേസ്, ബാര്‍ കേസ് തുടങ്ങി ഒട്ടേറെ കേസുകളില്‍ എ ജി ഓഫീസിന്റെ അനാസ്ഥ മൂലം സര്‍ക്കാറിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്.
പുതിയ ഡാം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്നതുള്‍പ്പെടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കിയ പ്രമേയം കോടതി നിരസിച്ചത് എ ജി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പിഴവുകള്‍ മൂലമായിരുന്നു. കൈയേറ്റ വിവാദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശീയോദ്യാനമായി പ്രഖ്യാപിച്ച മതികെട്ടാനിലെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് ഭൂമി തന്നെ തിരിച്ചു നല്‍കേണ്ടി വന്നതും എ ജി ഓഫീസിന്റെ കെടുകാര്യസ്ഥത മൂലമാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജിന്റെ ഭൂമിതട്ടിപ്പ് കേസ് നടത്തിപ്പില്‍ സംഭവിച്ച വീഴ്ച സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യം തുറന്നടിച്ചതാണ്. കേസില്‍ താന്‍ കൈക്കൊണ്ട നടപടികള്‍ എ ജി കോടതിയെ അറിയിച്ചില്ലെന്നും ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് അദ്ദേഹത്തിന്റെ പക്ഷത്ത് സംഭവിച്ചതെന്നുമാണ് ഡി ജി പിയുടെ കുറ്റപ്പെടുത്തുല്‍. യാദൃശ്ചികമല്ല, എതിര്‍ കക്ഷികളുടെ താത്പര്യ സംരക്ഷണാര്‍ഥം മനഃപൂര്‍വമാണ് പല വീഴ്ചകളുമെന്ന് സന്ദേഹിക്കപ്പെടേണ്ടതുണ്ട്. സര്‍ക്കാര്‍ അഭിഭാഷകര്‍ അബ്കാരി മുതലാളിമാരുടെ ഏജന്റുമാരാണോ എന്ന് കോടതിക്ക് ചോദിക്കേണ്ടി വന്നത് ഇതുകൊണ്ടാണ്.
കോടതി പരാമര്‍ശത്തോട് പ്രതികരിക്കവെ എ ജി ഓഫീസ് കാര്യക്ഷമമാണെന്നും സര്‍ക്കാറിന് ഇക്കാര്യത്തില്‍ പൂര്‍ണ വിശ്വാസമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എ ജി ഓഫീസിന്റെ വീഴ്ച സര്‍ക്കാറിന്റെ കൂടി വീഴ്ചയാണെന്നതിനാലായിരിക്കണം ഈ ന്യായീകരണം. എന്നാല്‍ നീതിന്യായ പീഠത്തില്‍ നിന്ന് മാത്രമല്ല, തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും പലപ്പോഴും എ ജി ഓഫീസ് വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കരുത്. എ ജി ഓഫീസിനോടുള്ള അന്ധമായ വിരോധമല്ല, അതിന്റെ പ്രവര്‍ത്തനത്തില്‍ വരുന്ന വീഴ്ചകള്‍ സര്‍ക്കാറിനും ആത്യന്തികമായി ജനങ്ങള്‍ക്കും ദോഷകരമാണെന്നത് കൊണ്ടാണ് കോടതിക്ക് ഇത്ര രൂക്ഷമയി പ്രതികരിക്കേണ്ടി വന്നത്. ഈ വസ്തുത ഉള്‍ക്കൊണ്ട് എ ജി ഓഫീസിനെക്കുറിച്ച പരാതികള്‍ അന്വേഷിച്ചു അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും കുറ്റമറ്റതുമാക്കാനുള്ള തുറന്ന മനസ്സാണ് മുഖ്യമന്ത്രിയില്‍ നിന്ന് പ്രകടമാകേണ്ടത്.

---- facebook comment plugin here -----

Latest