സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Posted on: July 23, 2015 11:49 am | Last updated: July 24, 2015 at 12:13 am

supreme courtന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. പ്രവേശനം നടത്താന്‍ അംഗീകാരം ലഭിക്കാത്തത് മൗലികാവകാശ ലംഘനമല്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പ്രതികൂലവിധി ചോദ്യംചെയ്ത് കേരളത്തിലെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപീംകോടതിയുടെ വിധി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം ചോദ്യം ചെയ്ത് നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് തെറ്റെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കേരളത്തിലെ രണ്ട് സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ഈ അദ്ധ്യയന വര്‍ഷം മെഡിക്കല്‍ പ്രവേശനം നടത്തുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചിരുന്നു. ആവശ്യമായ സൗകര്യങ്ങള്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംസിഐയുടെ നടപടി. ഇത് ചോദ്യം ചെയ്താണ് മെഡിക്കല്‍ കോളേജുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എം വൈ ഇക്ബാല്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം സ്വാശ്രയ മെഡിക്കല്‍ കോളേജുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാതെ എന്തിന് നേരിട്ട് സുപ്രീംകോടതിയില്‍ എത്തി എന്ന് ചോദിച്ചുകൊണ്ടായിരുന്നു സ്വാശ്രയ കോളജുകള്‍ക്കുനേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.

പണം ഉണ്ടെന്ന് കരുതി സ്വാശ്രയ കോളേജുകള്‍ക്ക് എന്തും ചെയ്യാമെന്നാണോ എന്ന് ചോദിച്ച കോടതി, മുന്തിയ അഭിഭാഷകരെ ഇറക്കിയതുകൊണ്ട് നിയമത്തെ അനുകൂലാക്കാന്‍ കഴിയുമെന്ന് കരുതേണ്ട എന്ന താക്കീതും നല്‍കിയിരുന്നു.