Connect with us

National

ഗോവധ നിരോധനത്തിന്റെ പേരില്‍ കേരളത്തിലേക്കുള്ള കന്നുകാലികളെ തട്ടിയെടുക്കുന്നു

Published

|

Last Updated

india-cattle-4>>കേരളം കടുത്ത മാട്ടിറച്ചി ക്ഷാമത്തിലേക്ക്‌
കോയമ്പത്തൂര്‍: സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന കന്നുകാലികളെ ഗോവധ നിരോധനത്തിന്റെ പേരില്‍ മാഫിയാ സംഘങ്ങള്‍ തട്ടിയെടുക്കുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന കന്നുകാലികളെയാണ് അവിനാശി, പൊള്ളാച്ചി, ഈറോഡ് എന്നിവിടങ്ങളില്‍ വാഹനം തടഞ്ഞു നിര്‍ത്തി തട്ടിയെടുത്ത് കൊണ്ടുപോകുന്നത്. എന്നാല്‍ ഗോശാലയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോകുന്ന കന്നുകാലികളെ പിന്നീട് അവിടെ കാണാറില്ലെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 115 ലോഡ് കന്നുകാലികളെ തട്ടിയെടുത്തിട്ടുണ്ടത്രെ. പ്രശ്‌നം തമിഴ്‌നാട്, കേരള സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്ന് വ്യാപരികള്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് കന്നുകാലി കച്ചവടക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ വാണിയംകുളം, കുഴല്‍മന്ദം തുടങ്ങി നാല്‍പതോളം കന്നുകാലി ചന്തകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ഗോവധ നിരോധനത്തിന്റെ മറവില്‍ നടക്കുന്ന കൊള്ള തടയാന്‍ ഇരുസംസ്ഥാന സര്‍ക്കാറും തയ്യാറാകുന്നത് വരെ സമരം തുടരാനാണ് വ്യാപാരികളുടെ തീരുമാനം.
ഇതിനിടെ കേരളത്തിലേക്കുള്ള കന്നുകാലി വരവ് നിന്നതോടെ ബീഫ് സ്റ്റാളുകള്‍ കടുത്ത പ്രതിസന്ധിയിലായി. ഇറച്ചിക്ഷാമം മൂലം പലയിടങ്ങളിലും വില്‍പന കേന്ദ്രങ്ങള്‍ അടച്ചിടേണ്ട സാഹചര്യമാണുള്ളത്. തമിഴ്‌നാടുള്‍പ്പടെയുളള ഇതര സംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ കൊണ്ടുവരുന്നത് ചില സംഘടനകള്‍ ഇടപെട്ട് തടയുന്നതാണ്ഇതിന് കാരണം. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളെയാണ് ഇത് ഏറെയും ബാധിച്ചിട്ടുള്ളത്. ദിവസേന ഒന്നിലേറെ കന്നുകാലികളുടെ ഇറച്ചിവില്‍പ്പന നടന്നിരുന്ന കേന്ദ്രങ്ങളില്‍ ഇവ കിട്ടാനില്ലാത്തത് മൂലം കടകള്‍ നേരത്തേ അടച്ചിടേണ്ട അവസ്ഥയാണുള്ളത്. പാലക്കാട് നഗരത്തിലെ ഭൂരിഭാഗം ബീഫ് സ്റ്റാളുകളിലും ഇറച്ചി കിട്ടാനില്ല. സംസ്ഥാനത്തെ മറ്റുഭാഗങ്ങളിലും ഇത് തന്നെയാണവസ്ഥ. ഇറച്ചിക്ഷാമം ഗാര്‍ഹിക ഉപഭോക്താക്കളെയും ഹോട്ടലുകളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. ആവശ്യമുള്ളതിന്റെ പകുതി പോലും കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. പ്രാദേശികമായി കിട്ടുന്ന കന്നുകാലികളെ ഉപയോഗിച്ചാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്.
ഇത് കഴിയുന്നതോടെ കടകളെല്ലാം അടച്ചിടേണ്ട അവസ്ഥയാണുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. പാലക്കാട് ജില്ലയില്‍ മാത്രം ഇറച്ചി കിട്ടാനില്ലാത്തത് മൂലം പത്തോളം കടകളാണ് ഇന്നലെ അടച്ചുപൂട്ടിയത്.
പ്രശ്‌ന പരിഹാരം ഇനിയും നീണ്ടാല്‍ സംസ്ഥാനത്തെ മുഴുവന്‍ ബീഫ് സ്റ്റാളുകളും അടച്ചിടേണ്ട സാഹചര്യമാണുണ്ടാകുകയെന്ന് വ്യാപാരികള്‍ പറയുന്നു.

 

 

Latest