ഭരണഘടനയുടെ മതേതര സ്വഭാവം മതാധിഷ്ഠിത രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുക്കുന്നു: സി ഐ സി

Posted on: July 21, 2015 2:47 am | Last updated: July 20, 2015 at 10:48 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവം മതാധിഷ്ഠിത രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുക്കുന്നതായി കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സി ഐ സി). റോഡരികില്‍ സ്ഥാപിച്ച മതസ്തൂപം നീക്കം ചെയ്യാത്തത് സംബന്ധിച്ച് ലഭിച്ച പരാതി പരിഗണിക്കവെയാണ് സി ഐ സി ഇങ്ങനെ നിരീക്ഷിച്ചത്.
ഡല്‍ഹിയിലെ റോത്തക് റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കും വിധം സ്ഥാപിച്ച സ്തൂപം നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സുബോധ് റാവത്ത് ആണ് പരാതി നല്‍കിയത്. ഭരണഘടനയുടെ മതേതര സ്വഭാവം ചില മതരാഷ്ട്രീയ പാര്‍ട്ടികള്‍ ചൂഷണം ചെയ്യുകയാണെന്ന് പരാതി പരിഗണിച്ച് സി ഐ സി ശ്രീധര്‍ ആചാര്യുലു പറഞ്ഞു.
ഈ വിഷയം കാര്യമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മത സംഘടനകളുടെ കമ്മിറ്റി റോത്തകിലെ സ്തൂപം നീക്കം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയതായി കമ്മീഷണര്‍ അറിയിച്ചു. ക്രമസമാധാനം നിലനിര്‍ത്തിക്കൊണ്ട് സ്തൂപം നീക്കം ചെയ്യാന്‍ ലഫ്. ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് പോലീസിന്റെ സഹായം തേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായ സ്തൂപം നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള തീരുമാനം ഒരു മാസത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പിനെയും അപ്പീല്‍ വാദിയെയും അറിയിക്കാന്‍ ഡല്‍ഹി പോലീസിന് ആചാര്യുലു നിര്‍ദേശം നല്‍കി. ഡല്‍ഹി ഹൈക്കോടതി വിധിയും ഈ വര്‍ഷം ജനുവരി 28ന് നടന്ന മതസംഘടനകളുടെ കമ്മിറ്റി തീരുമാനവും കണക്കിലെടുത്ത് ഈ വിഷയത്തില്‍ ഡല്‍ഹി ഭരണ സമിതി, ലഫ്. ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡല്‍ഹി പോലീസ് എന്നിവര്‍ അടിയന്തരമായി ഇടപെടണം.
ചാന്ദ്‌നി ചൗക്കിലെ റോഡില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ മതചിഹ്‌നങ്ങളും മെയ് 30ന് മുമ്പ് നീക്കം ചെയ്യണമെന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് മുനിസിപ്പല്‍ അധികൃതരോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ട കാര്യവും സി ഐ സി ആചാര്യുലു ചൂണ്ടിക്കാട്ടി.