Connect with us

Thrissur

വന്‍ കവര്‍ച്ചാ സംഘം പിടിയില്‍

Published

|

Last Updated

കവര്‍ച്ചാകേസില്‍ പിടിയിലായ പ്രതികളെ പോലീസ് അറസ്റ്റ ചെയ്ത് കൊണ്ടുപോകുന്നു

ഏനാമാക്കല്‍: നാല്‍പ്പത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ മുപ്പത് ലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ കൊള്ളയടിച്ച കേസില്‍ കൊടുംകുറ്റവാളികളായ രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഏനാമാക്കല്‍ ജുമാമസ്ജിദിന് സമീപം പണിക്കവീട്ടില്‍ അബ്ദുല്‍ സത്താറിന്റെ വീട് കൊള്ളയടിച്ച കേസിലാണ് കൊല്ലം സ്വദേശികളായ മഖത്തല കണിയാംതോട് ഗ്രീഷ്മം വീട്ടില്‍ സജി ഇഗ്നേഷ്യസ്(42), പഴഞ്ഞയില്‍ വീട്ടില്‍ കൊച്ചാശാന്‍ എന്ന് വിളിക്കുന്ന അനില്‍കുമാര്‍(38) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സത്താറും കുടുംബവും കുട്ടികളുടെ വേനലവധിക്ക് ഗള്‍ഫിലായിരുന്നു. ഇവര്‍ വീട്ടില്‍ തിരിച്ചെത്തുന്നതിന് മുന്നോടിയായി വീട് വൃത്തിയാക്കുന്നതിനായി ജോലിക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഗുരുവായൂര്‍ സി ഐ കെ സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആറംഗ മോഷണ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റിലായത്. കൊല്ലത്ത് നിന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവര്‍ പിടിയിലായത്.
ഡസണ്‍ കണക്കിന് വിലിപിടിപ്പുള്ള ഫോണുകള്‍ ഇവര്‍ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച ഫോണുകളെല്ലാം ഒളിവില്‍ പോയ ഒന്നാം പ്രതി പാടൂര്‍ സ്വദേശി നൗഷാദാണ് സൂക്ഷിച്ചത്. ഇതില്‍ നിന്ന് ഒരെണ്ണം കൊച്ചാശാന്‍ അടിച്ച് മാറ്റുകയും ആരും അറിയാതെ ഇത് കൊല്ലത്ത് ഒരാള്‍ക്ക് വില്‍ക്കുകയായിരുന്നു. ഈ മൊബൈല്‍ വില്‍പ്പനയാണ് അന്വേഷണ സംഘത്തിന് കൊള്ള സംഘത്തിലേക്ക് എത്തിച്ചേരാനുള്ള ഏക മാര്‍ഗമായത്.
മോഷണത്തിന്റെ സൂത്രധാരനായി പ്രവര്‍ത്തിച്ച ഒന്നാം പ്രതി ഒളിവിലുള്ള നൗഷാദാണെന്ന് പോലീസ് പറഞ്ഞു. 97ല്‍ പാടൂര്‍ സഹകരണ ബേങ്ക് കൊള്ളയടിച്ച കേസില്‍ പ്രതിയാണ് നൗഷാദ്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ അപ്പീല്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് കവര്‍ച്ചക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. കൊള്ളയടിക്ക് ഇരയായ സത്താറിന്റെ അയല്‍വാസിയായ വലിയകത്ത് വീട്ടില്‍ യൂസുഫ് കൂട്ടുപ്രതിയാണ്. ഇയാളെ കൂടാതെ ചാവക്കാട് സ്വദേശി ഷാജഹാന്‍ എന്ന ഷാജിയും തിരിച്ചറിയാനാകാത്ത മറ്റൊരാളും കേസില്‍ പ്രതിയാണ്.
പിടിയിലായ രണ്ട് പ്രതികളും അന്തര്‍ സംസ്ഥാന ബന്ധങ്ങളുള്ള കവര്‍ച്ചക്കാരാണ്. മുബൈ, ചെന്നൈ, ദല്‍ഹി, ബാംഗ്ലൂര്‍, കേരളത്തിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലും നിരവധി മോഷണക്കേസുകളിലും ഇവര്‍ പ്രതികളാണ്. സജി ഇഗ്നേഷ്യസിനെ നിരവധി തവണ പിടികൂടിയിട്ടുണ്ട്. കൊല്ലത്തും കുന്നംകുളത്തും ഇയാള്‍ പോലീസ് ഉദ്യോഗസ്ഥന്‍മാരെ കുത്തിപരുക്കേല്‍പ്പിച്ച കേസും നിലവിലുണ്ട്.

Latest