തഴച്ചു വളരുന്ന ഭിക്ഷാടന ബിസിനസ്സ്

Posted on: July 17, 2015 5:46 am | Last updated: July 16, 2015 at 10:34 pm
SHARE

ഭിക്ഷാടകരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കേരളം. കവലകളിലും ബസ്സ്റ്റാന്റുകളിലും ആരാധനാലയങ്ങള്‍ക്ക് മുമ്പിലും യാചന തൊഴിലാക്കിയവര്‍ പതിവ് കാഴ്ചയാണ്. ഇവരില്‍ കുട്ടികളും അംഗവൈകല്യം മൂലമോ രോഗത്താലോ അധ്വാനശേഷി നഷ്ടപ്പെട്ടവരും മാത്രമല്ല, നല്ല ആരോഗ്യവും തടിമിടുക്കുമുള്ളവരുമുണ്ട്. റമസാന്‍ പോലെയുള്ള പുണ്യകാലങ്ങളില്‍ ഇവരുടെ എണ്ണം വര്‍ധിക്കും. അന്ന് പര്‍ദാധാരികളായ സ്ത്രീ യാചകരുടെയും മുസ്‌ലിം വേഷമണിഞ്ഞ പുരുഷ യാചകരുടെയും സാന്നിധ്യമില്ലാത്ത പള്ളികളോ, ഇവര്‍ കയറിയിറങ്ങാത്ത വീടുകളോ ഉണ്ടാകില്ല. ശബരിമല സീസണില്‍ ഹിന്ദുഭൂരിപക്ഷ മേഖലകളില്‍ കറുപ്പ് വസ്ത്രവും രുദ്രാക്ഷമാലയും അണിഞ്ഞ യാചകരും ചുറ്റിക്കറങ്ങുന്നത് കാണാം. കാഴ്ചയില്‍ ഒന്നാം തരം വിശ്വാസികളെന്ന് തോന്നിക്കുന്ന ഇവര്‍ യാചനക്ക് വേണ്ടി വേഷമണിയുന്നവരാണെന്ന് പലര്‍ക്കുമറിയില്ല. രണ്ട് ദിവസം മുമ്പ് മലപ്പുറം കോട്ടക്കലിനടുത്ത് പുതുപ്പറമ്പില്‍ പോലീസ് റെയ്ഡില്‍ ഇത്തരമൊരു ഭിക്ഷാടന സംഘത്തിലെ 30 പേര്‍ പടിയിലായി. ഇവരില്‍ 24 പേര്‍ അഞ്ച് വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളായിരുന്നു. ആന്ധ്രയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇവരെ ഉപയോഗിച്ചു നോമ്പ് കാലത്ത് പള്ളികളിലും മുസ്‌ലിം വീടുകളിലും ഭിക്ഷാടനം നടത്തിക്കുകയായിരുന്നു മാഫിയ. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ഭിക്ഷാടന മാഫിയ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹകരണത്തോടെ റെയ്ഡ് നടത്തിയത്.
ഇന്ന് നല്ലൊരു ‘ബിസിനസ്സാ’യി മാറിക്കഴിഞ്ഞിട്ടുണ്ട് യാചന. ഒറ്റപ്പെട്ടുകഴിയുന്ന അശരണര്‍ ഗത്യന്തമില്ലാതെ സ്വീകരിച്ചിരുന്ന ഒരു മാര്‍ഗം എന്ന അവസ്ഥയില്‍ നിന്ന് മാറി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന റാക്കറ്റുകളുടെ നിയന്ത്രണത്തില്‍ തഴച്ചുവളര്‍ന്ന ഒരു തട്ടിപ്പായി ഇത് മാറിക്കഴിഞ്ഞിട്ടുണ്ട്. തട്ടിയെടുത്ത കുട്ടികളും വിലക്കെടുത്ത സ്ത്രീകളുമടങ്ങുന്ന വന്‍ ഭിക്ഷാടന സംഘങ്ങള്‍ തന്നെയുണ്ട് രാജ്യത്തെ പ്രധാന നഗരങ്ങളിലും ആത്മീയ കേന്ദ്രങ്ങളിലും. പകല്‍ സമയങ്ങളില്‍ ഭിക്ഷാടനത്തിനെന്ന വ്യാജേന വീടുകളിലും ബീച്ചുകളിലും മറ്റും ചുറ്റിക്കറങ്ങുന്ന സംഘത്തിലെ സ്ത്രീകള്‍ തരം കിട്ടിയാല്‍ കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ഭിക്ഷക്ക് ഉപയോഗപ്പെടുത്തും. തട്ടിയെടുക്കുന്ന കുഞ്ഞുങ്ങള്‍ കരയാതിരിക്കാനായി അവരെ മയക്കുമരുന്ന് മണപ്പിച്ചാണ് തങ്ങളുടെ കേന്ദ്രത്തിലേക്ക് കടത്തുന്നത്. ഇത്തരം സംഭവങ്ങള്‍ പലപ്പോഴായിറിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് കുനിയലില്‍ നിന്ന് തട്ടിയെടുത്ത കുട്ടിയെയുമായി പര്‍ദാധാരിയായ സ്ത്രീയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയിരുന്നു. കൂടുതല്‍ സുഖസൗകര്യങ്ങളോ ജോലിയോ വാഗ്ദാനം ചെയ്തു സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെയും ഇവര്‍ വലവീശാറുണ്ട്. വര്‍ധിച്ചു വരുന്ന കുട്ടികളുടെ തിരോധാനത്തില്‍ ഭിക്ഷാടന മാഫിയക്ക് വലിയ പങ്കുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ഇത്തരം കുട്ടികളെ മൊട്ടയടിച്ചും തീപൊള്ളിച്ചും കണ്ണ് ചൂഴ്ന്നും അവയങ്ങള്‍ തല്ലിയൊടിച്ചും തിരിച്ചറിയാത്ത രൂപത്തിലാക്കിയാണ് ഭിക്ഷാടനത്തിന് ഉപോയോഗിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ചെങ്ങന്നൂര്‍ കടപ്പയില്‍ മൂന്നര വയസ്സുളള ആന്ധ്രാപ്രദേശ് സ്വദേശി വരലക്ഷമിയെന്ന കുട്ടിയെ ഭിക്ഷാടനത്തിനു വേണ്ടി കാലുകള്‍ ഒടിക്കുകയും പ്ലാസ്റ്ററിടുകയും ചെയ്യുന്നത് കാണാനിടയായ ചിലര്‍ ചൈല്‍ഡ് വെല്‍ഫെയറില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി രക്ഷിക്കുകയുണ്ടായി. ഭിക്ഷാടന മാഫിയയില്‍ അവയവ വില്‍പനക്കാരുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.കുട്ടികളെ അന്യ സംസ്ഥാനത്തിലെത്തിച്ച ശേഷമാണത്രെ അവയവങ്ങള്‍ മുറിച്ചെടുക്കുന്നത്.
സുരക്ഷിത സാഹചര്യം ആഗ്രഹിച്ചും വിദ്യാഭ്യാസം നുകരാനുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വരുന്ന കുട്ടികളെ നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ പിടികുടി അത് മനുഷ്യക്കടത്തായി ചിത്രീകരിച്ചു സ്ഥാപനാധികൃതരെ പീഡിപ്പിക്കുകയും കേസില്‍ കുടുക്കുകയും ചെയ്യുന്ന പോലീസും സാമൂഹിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും ഭിക്ഷാടക മാഫിയ നടത്തുന്ന യഥാര്‍ഥ മനുഷ്യക്കടത്ത് കാണാതെ പോകുകയാണ്. മനുഷ്യക്കടത്ത് തടയുക എന്നതിലുപരി ഒരു സമുദായത്തെയും അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെയും വേട്ടയാടുകയാണല്ലോ ഇവരില്‍ പലരുടെയും ലക്ഷ്യം. തങ്ങളുടെ ചെയ്തികളില്‍ ആത്മാര്‍ഥതയോ, കുട്ടികളുടെ നല്ല ഭാവിയില്‍ താത്പര്യമോ ഉണ്ടെങ്കില്‍ ഭിക്ഷാടന മാഫിയയെ പിടികൂടി നിയമത്തിന് മുമ്പിലെത്തിക്കുകയും അവരുടെ നിയന്ത്രണത്തില്‍ ദുരിത ജീവിതവും കൊടുംപീഡനവും സഹിച്ചു കഴിയുന്ന കുട്ടികളെ മോചിപ്പിക്കുന്നതിന് അടിയന്തിരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കുയുമാണ് ചെയ്യേണ്ടത്. ഇങ്ങനെ രക്ഷപ്പെടുത്തുന്നവരെ പുനരധിവസിപ്പിക്കാനും സുരക്ഷിതരായി താമസിപ്പിക്കാനും വിദ്യാഭ്യാസം നല്‍കാനും അഭയകേന്ദ്രങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും വേണം. എന്നാല്‍ ഭിക്ഷാടന മാഫിയകളുമായി പോലീസില്‍ പലര്‍ക്കും ബന്ധമുണ്ടെന്നാണ് വിവരം. മാഫിയകളെ നിയമത്തിന് മുമ്പിലെത്തിക്കാനുള്ള പ്രധാന തടസ്സവും ഇതാണ്.