സൈബര്‍ ക്രിമിനല്‍ സംഘം പിടിയില്‍

Posted on: July 14, 2015 10:56 pm | Last updated: July 14, 2015 at 10:56 pm

Most-popular-ways-less-technical-people-fall-victim-to-cybercriminalsദുബൈ: അമേരിക്കയിലെ ചില വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച മൂന്നംഗ നൈജീരിയന്‍ സൈബര്‍ ക്രിമിനല്‍ സംഘത്തെ അജ്മാനില്‍ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ബേങ്ക് അക്കൗണ്ടുകളും പ്രധാന ഇ-മെയിലുകളും വിലപ്പെട്ട രേഖകളും ഹാക്ക് ചെയ്ത് വന്‍തട്ടിപ്പു നടത്താനായിരുന്നു ശ്രമം.
അബുദാബി, ദുബൈ, അജ്മാന്‍ പോലീസിലെ പ്രത്യേക പരിശീലനം നേടിയ ടീമാണ് തന്ത്രപരമായി ഇവരെ പിടികൂടിയത്. 24കാരനാണ് സംഘത്തിലെ മുഖ്യസൂത്രധാരന്‍. മറ്റു രണ്ടുപേര്‍ക്കും 26 വയസാണ് പ്രായം. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ രാജ്യത്ത് എത്തിയത്. സൈബര്‍ തട്ടിപ്പുസംഘത്തെക്കുറിച്ച് കാലിഫോര്‍ണിയയിലെ സുരക്ഷാസേന നല്‍കിയ സൂചനകള്‍ അനുസരിച്ചായിരുന്നു നീക്കം. പ്രതികളുടെ പേരുവിവരമോ മറ്റു വിശദാംശങ്ങളോ ലഭ്യമായിരുന്നില്ലെങ്കിലും ഇവരുടെ കേന്ദ്രം എവിടെയാണെന്നു കണ്ടെത്തി രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചു. തുടര്‍ന്നു നാടകീയമായി അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നു പല രേഖകളും പിടിച്ചെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് യുഎഇയില്‍ കടുത്ത ശിക്ഷയാണുള്ളത്‌