Connect with us

Ongoing News

ഇന്ത്യയെ വിറപ്പിച്ച മുസ്താഫിസുര്‍ ടെസ്റ്റ് ടീമില്‍

Published

|

Last Updated

ധാക്ക: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ തിളങ്ങിയ യുവ ഫാസ്റ്റ്ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍ ബംഗ്ലാദേശിന്റെ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ അടുത്താഴ്ച ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലേക്കാണ് പത്തൊമ്പതുകാരന് അവസരം ലഭിച്ചിരിക്കുന്നത്. മുസ്താഫിസുറിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു. പതിമൂന്ന് വിക്കറ്റുകളാണ് മൂന്ന് മത്സരങ്ങളില്‍ നിന്ന് മുസ്താഫിസുര്‍ വീഴ്ത്തിയത്.
രണ്ട് തവണ ലോകചാമ്പ്യന്‍മാരായ ഇന്ത്യയെ കടപുഴക്കിയ പ്രകടനമായിരുന്നു മുസ്താഫിസുറിലൂടെ ബംഗ്ലാദേശ് കാഴ്ചവെച്ചത്. ധോണി നയിച്ച ടീമിനെ അവര്‍ മലര്‍ത്തിയടിച്ചത് ചരിത്രമായി. ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ പരമ്പര ജയമായിരുന്നു അത്. ലോകകപ്പിലെ തോല്‍വിക്ക് ബംഗ്ലാദേശ് പകരം ചോദിക്കുകയായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ മുസ്താഫിസുര്‍ വീരപരിവേഷം നേടിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും മുസ്താഫിസുര്‍ തിളങ്ങിയിരുന്നു.
38ന് മൂന്ന് വിക്കറ്റെടുത്ത മുസ്താഫിസുറിന്റെ മികവില്‍ ദക്ഷിണാഫ്രിക്കയെ 162ന് ആള്‍ ഔട്ടാക്കി. ഇതോടെ, ബംഗ്ലാദേശ് രണ്ടാം ഏകദിനം ജയിച്ച് പരമ്പര 1-1ന് സമനിലയാക്കി.
ബംഗ്ലാദേശ് ക്രിക്കറ്റിനെ സംബന്ധിച്ചിട്ടത്തോളം വലിയൊരു കണ്ടുപിടിത്തമാണ് മുസ്താഫിസുര്‍. ഏത് ഫോര്‍മാറ്റിനും യോജിക്കുന്ന താരം. ഏകദിനത്തിലും ടി20യിലും മികവറിയിച്ച മുസ്താഫിസുറിന് ടെസ്റ്റ് ക്രിക്കറ്റും അനായാസം വഴങ്ങും – ബംഗ്ലാദേശ് സെലക്ഷന്‍ സമിതി ചെയര്‍മാന്‍ ഫാറൂഖ് അഹമ്മദ് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് സ്പിന്‍ ആള്‍ റൗണ്ടര്‍ മഹ്മൂദുല്ല തിരിച്ചെത്തി. ഇന്ത്യക്കെതിരെ മഹ്മൂദുല്ല ഇല്ലായിരുന്നു. ഈ മാസം 21ന് ചിറ്റഗോംഗിലാണ് ആദ്യ ടെസ്റ്റ്. അവസാന ടെസ്റ്റ് മിര്‍പുറില്‍ മുപ്പതിന്.

Latest