നാളേക്കു വേണ്ടിയുള്ള കരുതിവെപ്പ്

  Posted on: July 11, 2015 12:31 am | Last updated: July 11, 2015 at 12:32 am

  vrathavishudhiനാളേക്ക് നന്നായി സമ്പാദിക്കണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച ധനം അനാവശ്യമായി ചെലവഴിച്ച് തീര്‍ക്കാന്‍ അധികപേരും ഇഷ്ടപ്പെടുകയില്ല. പണമുണ്ടാക്കാനും കൂടുതല്‍ സമ്പാദിക്കാനുമാണ് എല്ലാവരുടെയും ആഗ്രഹം. അതിന് വേണ്ടിയാണ് ഓരോരുത്തരും വിശ്രമമില്ലാതെ പണിയെടുക്കുന്നതും നിരന്തരം ഓടി നടക്കുന്നതും. പണം അനാവശ്യമായി നശിപ്പിക്കാന്‍ വിഢ്ഢികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. വിവേകശാലികള്‍ ആവശ്യത്തിന് മാത്രം ചെലവഴിക്കുന്നവരും അനാവശ്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നവരുമാണ്. താത്കാലിക കൈകാര്യത്തിന് ഉടമയായ അല്ലാഹു മനുഷ്യനെ ഏല്‍പ്പിച്ച ധനം മറ്റുള്ളവര്‍ക്ക് കൂടി പങ്ക് വെക്കണമെന്നാണ് മതത്തിന്റെ ശാസന. നിര്‍ബന്ധവും ഐഛികവുമായ ദാനധര്‍മങ്ങള്‍ നിയമമാക്കിയത് അതിന് വേണ്ടിയാണ്. എന്നാല്‍, മനുഷ്യ പ്രകൃതി ഇതംഗീകരിക്കാന്‍ മടികാണിക്കുന്നു. ദാനം ചെയ്യുന്നതിലൂടെ തലമുറകള്‍ക്ക് അടിച്ച് പൊളിച്ച് ജീവിക്കാനുള്ള ധനം തീര്‍ന്നുപോകുമെന്ന ഭീതിയാണതിന് മുഖ്യകാരണം. ഒരു പുരുഷായുസ്സ് മുഴുവനും വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണം അന്യര്‍ക്ക് നല്‍കണമെന്ന ഇസ്‌ലാമിക വീക്ഷണം കരുണാര്‍ദ്രമല്ലെന്ന് പറഞ്ഞുകൂടാ.
  സത്യത്തില്‍ ദാനം ചെയ്യുന്നവന്‍ തന്റെ ധനം നശിപ്പിക്കുകയല്ല നിക്ഷേപിക്കുകയാണ്. ഒരിക്കലും തീര്‍ന്നുപോകാത്ത വിധം സംരക്ഷിക്കുകയാണ്. സ്വന്തം പോക്കറ്റിലോ അക്കൗണ്ടിലോ തന്റെതാണെന്ന് ഉറപ്പിച്ചു പറയുന്നതിന് പകരം അനന്തരാവകാശിയുടെതാണന്ന് പറയുന്നതാണ് ഉചിതം. എന്റേത് എന്ന് ഖണ്ഡിതമായി പറയണമെങ്കില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ച് കഴിയണം. അപ്പോഴത് ശാശ്വത സ്വഭാവത്തിലുള്ള നിക്ഷേപമായി.
  പ്രവാചക പത്‌നി ആഇശ (റ) യുടെ വീട്ടുകാര്‍ ഒരാടിനെ അറുത്ത് ദാനം ചെയ്തു. തിരുനബി ചോദിച്ചു. ഇനി അതില്‍ വല്ലതും ബാക്കിയുണ്ടോ? അതിന്റെ തോലല്ലാതെ മറ്റൊന്നും ബാക്കിയില്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ പുണ്യനബിയുടെ പ്രതികരണമിങ്ങനെയായിരുന്നു. എങ്കില്‍ അതിന്റെ തോലൊഴിച്ച് ബാക്കിയെല്ലാം അവശേഷിച്ചു. (ഹദീസ് തിര്‍മിദി 2470).
  ഉപയോഗം മൂലം തീര്‍ന്നു പോകുന്നതാണ് ധനവും മറ്റു ഭൗതിക വിഭവങ്ങളും. ഒരിക്കലും മനുഷ്യനെ വിട്ടുപിരിയാതെ നിലനില്‍ക്കുന്നത് നാളേക്ക് വേണ്ടി കരുതിവെച്ച ദാനധര്‍മങ്ങള്‍ മാത്രമാണ്. മനുഷ്യന്‍ കഴിച്ച ഭക്ഷണവും ധരിച്ച വസ്ത്രങ്ങളും ഉപയോഗിച്ച സകല വിഭവങ്ങളും സര്‍വ സമ്പാദ്യങ്ങളും നശിച്ചു പോകുമെന്നതില്‍ തര്‍ക്കമേയില്ല.
  ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു ഇപ്രകാരം പറയുന്നു: ആദമിന്റെ മകനേ, നിന്റെ സമ്പത്ത് ചെലവഴിക്കുക. എന്റെ അടുത്ത് അത് തീയാലോ വെള്ളത്താലോ ഒരിക്കലും നശിച്ചു പോകില്ല. ആരാലും അപഹരിക്കപ്പെടുകയുമില്ല. അതിനു പകരം ആവശ്യമുള്ളതെന്തോ അത് ഞാന്‍ നിനക്ക് നല്‍കുക തന്നെ ചെയ്യും. (ബൈഹഖി/ശുഅബുല്‍ ഈമാന്‍ 3342).