കെട്ടിടത്തില്‍ പൊട്ടിത്തെറിയും തീപ്പിടുത്തവും

Posted on: July 9, 2015 7:57 pm | Last updated: July 9, 2015 at 7:57 pm

fire
ദുബൈ: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ പൊട്ടിത്തെറിയും തീപ്പിടുത്തവുമുണ്ടായി. ഇന്നലെ ഉച്ചക്കുശേഷമായിരുന്നു സംഭവം. മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ക്യൂപോയന്റില്‍ മസായ ടവര്‍ ഒന്നിന് സമീപത്തെ നിര്‍മാണം നടക്കുന്ന റെസിഡന്‍ഷ്യല്‍ ടവറിലാണ് ഉച്ചക്ക് 12.45ന് പൊട്ടിത്തെറികളും തീപ്പിടുത്തവും സംഭവിച്ചത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ആളുകള്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ റോഡിലേക്കിറങ്ങി. കാരണം അറിവായിട്ടില്ല. കെട്ടിടത്തിന്റെ മധ്യഭാഗത്തുനിന്നാണ് തീപടര്‍ന്നതെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ക്യൂപോയന്റിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിവേഗം തീ മുകളിലേക്ക് പടര്‍ന്നെന്നും 30 മീറ്ററിലധികം ഉയരത്തില്‍ വരെ പുക പൊങ്ങിയെന്നും ഇവര്‍ പറഞ്ഞു. ഉച്ചവിശ്രമ സമയമായതിനാല്‍ തൊഴിലാളികള്‍ ഉള്‍പെടെയുള്ളവര്‍ സൈറ്റില്‍ ഇല്ലാതിരുന്നത് അത്യാഹിതം ഒഴിവാകാന്‍ കാരണമായി. തീപ്പിടുത്തത്തെ തുടര്‍ന്ന് മേഖലയില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.