ഭീകരവാദ വിരുദ്ധ ശബ്ദങ്ങള്‍ ഏകീകരിക്കാന്‍ യു എ ഇ – യു എസ് സംയുക്ത ‘സവാബ്’ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: July 9, 2015 7:53 pm | Last updated: July 9, 2015 at 7:53 pm
SHARE

sawab
അബുദാബി: ലോക സമാധാനത്തിന് ഭീഷണിയായ ആഗോള ഭീകരവാദ സംഘങ്ങള്‍ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശബ്ദങ്ങള്‍ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ യു എ ഇയും യു എസും സംയുക്തമായി പുതിയ സാങ്കേതിക കേന്ദ്രം തുറന്നു. ‘സവാബ്’ എന്ന പേരിലാണ് പുതിയതായി തുറന്ന കേന്ദ്രം അറിയപ്പെടുക. ആധുനിക വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, ഭീകരവിരുദ്ധ ശബ്ദങ്ങളെ ലോക ജനതക്ക് മുമ്പില്‍ എത്തിച്ചുകൊടുക്കുകയെന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. അതോടൊപ്പം, ഭീകരവാദികള്‍ തങ്ങളുടെ വികലമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് ഇന്റര്‍നെറ്റ് സംവിധാനങ്ങളെയാണെന്നതിനാല്‍ ഇതുവഴിയുള്ള കള്ള പ്രചരണങ്ങള്‍ കണ്ടെത്തി അതേ ഉപാധികളിലൂടെ തന്നെ തിരിച്ചടിക്കാന്‍ അവസരമൊരുക്കുകയെന്നതും സവാബിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആഗോളതലത്തിലെ ഭീകരവാദ വിരുദ്ധ കൂട്ടായ്മയുടെ സാങ്കേതിക ആസ്ഥാനമായി സവാബ് പ്രവര്‍ത്തിക്കും. അറബ് ലോകത്തെയും മറ്റു പ്രദേശങ്ങളിലെയും ഗവണ്‍മെന്റുകളുമായി ഇക്കാര്യത്തില്‍ ആശയ വിനിമയം സെന്റര്‍ നടത്തും. മേഖലയിലും പുറത്തുമുള്ള 63 രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ടു ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇതിനു പുറമെ, ഭീകരവിരുദ്ധ ചിന്താഗതിക്കാരായ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങള്‍ളെയും ഇത്തരം അപകടകാരികളായ സംഘങ്ങള്‍ക്കെതിരെ അണിനിരത്താന്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.