പാഠപുസ്തക അച്ചടി 18ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

Posted on: July 9, 2015 6:00 am | Last updated: July 9, 2015 at 12:10 am

തിരുവനന്തപുരം: പാഠപുസ്തക അച്ചടി വിവാദമായ പശ്ചാത്തലത്തില്‍ 18ന് മുമ്പ് വെല്ലുവിളിയായി ഏറ്റെടുത്ത് അച്ചടി പൂര്‍ത്തിയാക്കാനാണ് കെ ബി പി എസിന് നിര്‍ദ്ദേശം നല്‍കിയതെന്ന് മുഖ്യമന്ത്രി. നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ പാഠപുസ്തക അച്ചടി സ്വകാര്യ പ്രസ്സുകളെ ഏല്‍പ്പിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ ഒരു കാരണവശാലും സര്‍ക്കാര്‍ നിരക്കില്‍ കൂടുതല്‍ അനുവദിക്കാനാവില്ലെന്നായിരുന്നു മന്ത്രി സഭായോഗ തീരുമാനത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്.
കണ്‍സ്യൂമര്‍ ഫെഡ്, സിവില്‍സപ്ലൈസ് കോര്‍പറേഷന്‍, ഹോര്‍ട്ടികോര്‍പ് എന്നിവയുടെ ഓണം വിപണി ഇടപെടല്‍ സംബന്ധിച്ച ഉന്നത തല യോഗം വിളിച്ചു ചേര്‍ക്കും. 20ന് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ എം മാണി, അനൂപ് ജേക്കബ്, സി എന്‍ ബാലകൃഷ്ണന്‍, കെ മോഹനന്‍ എന്നിവര്‍ പങ്കെടുക്കും. റമസാന്‍ വിപണിക്കായി 150 കോടി അനുവദിക്കണമെന്ന ഉത്തരവിന്മേല്‍ ധനകാര്യ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഛത്തീസ്്ഗഡില്‍ നിന്നും ലൈന്‍ വലിച്ച് വൈദ്യുതിയെത്തിക്കുന്ന ബൃഹത്തായ പദ്ധതിക്ക് മടക്കത്തലയില്‍ കാര്‍ഷിക സര്‍വകലാശാലയുടെ 50 ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. മൂവാറ്റുപുഴയിലും തലശേരിയിലും വിജിലന്‍സ് കോടതി സ്ഥാപിക്കും. തിരുവനന്തപുരം, പാലക്കാട്, വയനാട്, കണ്ണൂര്‍ പഞ്ചായത്തുകളില്‍ ഒഴിഞ്ഞുകിടക്കുന്ന ഡ്രൈവര്‍ തസ്തികകളില്‍ നിയമനം നടത്തും. ഇടുക്കി ജില്ലയില്‍ ഇത്തരത്തില്‍ തസ്തികകള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കി.
കെ എസ ്ആര്‍ ടിസിയില്‍ കോച്ച് ബിള്‍ഡര്‍മാരായി ഏഴ് വര്‍ഷം മുമ്പ് പി എസ് സി അഡൈ്വസ് മെമ്മോ നല്‍കിയ 67 പേര്‍ക്ക് ആ തസ്തിക നിര്‍ത്തലാക്കിയതിന്റെ പേരില്‍ ജോലി നല്‍കാന്‍ സാധിച്ചിരുന്നില്ല. ഇവര്‍ക്ക് ബിവറേജസ് കോര്‍പറേഷനില്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തിരുമാനിച്ചു.