കാസര്‍കോട് കോട്ട സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി; റവന്യൂ അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചു

Posted on: July 7, 2015 3:04 pm | Last updated: July 7, 2015 at 3:04 pm

boardകാസര്‍കോട്: സ്വകാര്യ വ്യക്തികള്‍ക്ക് വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ കാസര്‍കോട് കോട്ട പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി.
കാസര്‍കോട് കോട്ടയും അനുബന്ധ ഭൂമിയും സര്‍ക്കാറിന്റേതാണെന്ന് ചൂണ്ടിക്കാട്ടി കോട്ടയില്‍ റവന്യൂഅധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചു. 2009ല്‍ അന്നത്തെ ജില്ലാ കലക്ടര്‍ ആനന്ദ് സിംഗ് ഇറക്കിയ ഉത്തരവാണ് നിലനില്‍ക്കുകയെന്ന് കാണിച്ചാണ് ഇപ്പോഴത്തെ ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീറിന്റെ നിര്‍ദേശപ്രകാരംകാസര്‍കോട് തഹസില്‍ദാരൂടെ നേതൃത്വത്തില്‍ കോട്ടയ്ക്കു സമീപം ബോര്‍ഡ് വെച്ചത്.
കാസര്‍കോട് താലൂക്കില്‍പെട്ട തളങ്കര വില്ലേജിലെ 27/3, 27/6, 27/7, 27/10, 27/13, 27/14, 27/15, 27/16, 27/17, 27/18, 27/19, 28/2 എന്നീ സര്‍വേ നമ്പറുകളില്‍ പെട്ട 5.41 ഏക്കര്‍ സ്ഥലം കേരള സര്‍ക്കാര്‍ വക ഭൂമിയാണെന്നും അനധികൃതമായി പ്രവേശിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നു.
പൈതൃക ഭൂമിയായ കാസര്‍കോട് കോട്ട വില്‍പ്പന നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറായിരിക്കെ ടി ഒ സൂരജ് ഉത്തരവിറക്കിയത് ഭൂമി കൈയ്യേറിയ രാഷ്ട്രീയ നേതാക്കള്‍ അടങ്ങുന്ന സംഘത്തിനുവേണ്ടിയാണെന്ന് ആരോപണമുയരുകയും ഇതുസംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ വിജിലന്‍സും പോലീസും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഭൂമി വാങ്ങിയ നാലുപേരുടെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് ആരോപണ പ്രത്യാരോപണങ്ങളും വന്‍ വിവാദങ്ങളും ഉയരുകയും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കാസര്‍കോട് കോട്ട സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ തന്നെ കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചത്.
കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും സി പി എം നേതാവുമായ എസ് ജെ പ്രസാദ്, സി പി എമ്മിന്റെ പ്രാദേശിക നേതാവ് ഗോപിനാഥന്‍ നായര്‍, സി പി ഐയുടെ മുന്‍ ബ്രാഞ്ച് സെക്രട്ടറി കൃഷ്ണന്‍ നായര്‍, കേരള കോണ്‍ഗ്രസ് -എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി സെബാസ്റ്റ്യന്‍ എന്നിവരാണ് കോട്ട അടക്കമുള്ള ഭൂമി വാങ്ങി തങ്ങളുടെ അധീനതയിലാക്കിയത്.
മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജും റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങി കോട്ട വില്‍പ്പന നടത്താന്‍ കൂട്ടുനിന്നുവെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. ഇതിനു പുറമെ വ്യാജ രേഖകളുണ്ടാക്കി കോട്ട ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ ആധാരം നിര്‍മിച്ചതിന് സബ് രജിസ്ട്രാറും പ്രതിക്കൂട്ടിലാണ്.
അതേസമയം ഉന്നതര്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ അന്വേഷണം അട്ടിമറിക്കുന്നതിനുള്ള കൊണ്ടുപിടിച്ച നീക്കങ്ങളും നടന്നുവരുന്നുണ്ട്. വിജിലന്‍സ് പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തുന്നത്.