Connect with us

National

മോദി- ശരീഫ് കൂടിക്കാഴ്ച 10ന്

Published

|

Last Updated

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി ഈ മാസം പത്തിന് കൂടിക്കാഴ്ച നടത്തിയേക്കും. ഷാന്‍ഗായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സി ഒ) ഉച്ചകോടിയുടെ ഭാഗമായി റഷ്യയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ആറ് രാഷ്ട്ര സന്ദര്‍ശനത്തിന് പുറപ്പെട്ട മോദി റഷ്യയില്‍ എസ് സി ഒ ഉച്ചകോടി കൂടാതെ ബ്രിക്‌സ് ഉച്ചകോടിയിലും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ നവംബറിലാണ് ഇതിന് മുമ്പ് ഇരു രാഷ്ട്ര തലവന്‍മാരും ഒരു ഉച്ചകോടിയില്‍ പങ്കെടുത്തത്. കാഠ്മണ്ഠുവില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയായിരുന്നു അത്. പക്ഷേ, അന്ന് ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊന്നും തയ്യാറായിരുന്നില്ല. എന്നാല്‍, റമസാന്‍ പ്രമാണിച്ച് ഇന്ത്യയുടെ പിടിയിലുള്ള പാക് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്ന കാര്യം മോദി നവാസ് ശരീഫിനെ ഫോണ്‍ വഴി അറിയിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മോദി നടത്തിയ പാക്‌വിരുദ്ധ പ്രസംഗങ്ങള്‍ക്കും മ്യാന്‍മാറില്‍ നടത്തിയ സൈനിക നടപടികള്‍ക്കും ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുക്കലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായിരുന്നു നവാസ് ശരീഫുമായുള്ള ടെലഫോണ്‍ സംഭാഷണം.

---- facebook comment plugin here -----

Latest