സ്ത്രീ സുരക്ഷ പദ്ധതിക്ക് തുടക്കം

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 12:30 am

തിരുവനന്തപുരം: അപകട ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വയംപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കേരള പോലീസ് നടപ്പാക്കുന്ന സ്ത്രീസുരക്ഷ പദ്ധതിക്ക് തുടക്കമായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്തു. അക്രമികളെ സധൈര്യം നേരിടാനുള്ള കരുത്ത് സ്ത്രീകള്‍ക്ക് പ്രാപ്യമായാല്‍ പകുതിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് മന്ത്രി പറഞ്ഞു.
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അക്രമ സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കുക, സ്വരക്ഷക്ക് പെട്ടെന്ന് സ്വീകരിക്കേണ്ടി വരുന്ന പ്രതിരോധ തന്ത്രങ്ങള്‍ സ്വായത്തമാക്കുക, സ്ത്രീകള്‍ക്ക് സുരക്ഷയും കൂടുതല്‍ ആത്മവിശ്വാസവും പ്രദാനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ലൈംഗിക പീഡനശ്രമങ്ങള്‍ ചെറുക്കാനുള്ള പരിശീലനവും പദ്ധതിയിലുണ്ട്. കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, കലാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പരിശീലനം പ്രാദേശിക തലങ്ങളില്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ ഓരോ പോലീസ് ജില്ലയിലും ആറു മുതല്‍ പത്ത് വനിതാ പോലീസുകാരുള്‍പ്പെടുന്ന റിസോഴ്‌സ് ടീമുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.
മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷനായി. സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ സ്വാഗതം പറഞ്ഞു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സി ഡി നടന്‍ ബാല യുവജനകമീഷന്‍ അംഗം അഡ്വ. സ്വപ്‌ന ജോര്‍ജ്ജിന് നല്‍കി പ്രകാശനം ചെയ്തു. വിമണ്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പരിശീലകര്‍ പ്രോഗ്രാം ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി. എ ഡി ജി പിമാരായ ഡോ. ബി സന്ധ്യ, അരുണ്‍കുമാര്‍ സിന്‍ഹ, ഡി ഐ ജി. പി. വിജയന്‍, വനിത സെല്‍ എസ് പി രാജേന്ദ്രന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെ സുജാത, പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എസ് രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.