സാമ്പത്തിക പ്രതിസന്ധി; വൃക്ക രോഗികളുടെ പുതിയ 60 അപേക്ഷകള്‍ പരിഗണിച്ചില്ല

Posted on: July 5, 2015 9:32 am | Last updated: July 5, 2015 at 9:32 am

മലപ്പുറം: കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് ജൂണ്‍ മാസത്തില്‍ ലഭിച്ച വൃക്ക രോഗികളുടെ 60 പുതിയ അപേക്ഷകള്‍ സാമ്പത്തിക പ്രതി സന്ധി കാരണം പരിഗണിക്കാന്‍ കഴിയാതെ കിടക്കുന്നു. നേരത്തെ സഹായം നല്‍കി കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് ഒരു മാസത്തെ ധന സഹായം നല്‍കാനും ബാക്കിയാണ്. ഒരു മാസത്തെ ധന സഹായം പാലിയേറ്റീവ് ക്ലിനിക്കുകളാണ് നല്‍കിയത്.
ഓരോ വര്‍ഷവും നാല് കോടിയോളം രൂപയുടെ പ്രവര്‍ത്തനം നടത്തുന്ന കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി, രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും സംഭാവനകളില്‍ കുറവ് വരികയും ചെയ്തത് മൂലമാണ് ഇത്തരമൊരു പ്രതി സന്ധിയെ നേരിടേണ്ടി വന്നത്. ഒരു മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 33 ലക്ഷത്തോളം രൂപ ആവശ്യമാണ്. പരിശുദ്ധ റമസാനില്‍ മഹല്ല് കമ്മിറ്റികളും കെ എം സി സി കമ്മിറ്റികളും ഉദാര മനസ്‌കരായ വ്യക്തികളും മനസ് വെച്ചാല്‍ ലോകത്തിന് തന്നെ മാതൃകയായ ഈ ജീവ കാരുണ്യ പ്രവര്‍ത്തനം മുടങ്ങാതെ മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയും. 1500ഓളം വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് നടത്താന്‍ സാമ്പത്തിക സഹായവും വൃക്ക മാറ്റി വെച്ച രോഗികള്‍ക്ക് മരുന്നുമാണ് സൊസൈറ്റി നല്‍കി കൊണ്ടിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് 9447108827.