Connect with us

Wayanad

നാട്ടാനകളുടെ പരിപാലനം: നിരീക്ഷണ ചുമതല സാമൂഹിക വനവത്കരണ വിഭാഗത്തിന്

Published

|

Last Updated

മാനന്തവാടി: നാട്ടാനകളുടെ പരിപാലന നിയമം കര്‍ശനമായി നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന്റെ ചുമതല വനം വകുപ്പ് സാമൂഹ്യവനവല്‍കരണ വിഭാഗത്തിന് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ജി ഹരികുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.ഇതുവരെ വനം വകുപ്പ് ടെറിട്ടോറിയല്‍ ഡിവിഷനായിരുന്നു ചുമതല. കേന്ദ്രസര്‍ക്കാറിന്റെ 1972ലെ വൈല്‍ഡ് ലൈഫ് സെക്ഷന്‍ 42 പ്രകാരം കേരള സര്‍ക്കാറിന്റെ 2012ലെ നാട്ടാന പരിപാലന നിയമം അനുസരിച്ചുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങളും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിലെ ഏറ്റവും പ്രധാന നിര്‍ദേശം ആനകള്‍ക്ക് വിശ്രമിക്കുന്നതിനായി സൗകര്യപ്രദമായ നിശ്ചിത നീളത്തിലും വീതിയിലുമുള്ള ഷെഡ് നിര്‍മിച്ച് നല്‍കണമെന്നാണ്. ആനകളെ റോഡരികിലും മരച്ചുവട്ടിലും മറ്റും തളച്ചിടുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. ഷെഡ് നിര്‍മിക്കുമ്പോള്‍ മേല്‍ക്കൂരയില്‍ പനപട്ട, പുല്ല് എന്നിവ മാത്രമെ ഉപയോഗിക്കാവൂ. ഇത് ലംഘിക്കുന്ന ഉടമകള്‍ക്ക് 25,000 രൂപ പിഴയും ഈടാക്കും. തുടര്‍ന്ന് മൂന്നു മാസം ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ സമയം നല്‍കും. ഇതിനു ശേഷവും നിയമ ലംഘനമുണ്ടാ യാല്‍ പിന്നീടുള്ള ഓരോ ദിവസവും 500 രൂപ വീതം പിഴ ഈടാക്കും. അതിന് ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ 30 ദിവസത്തേക്ക് ആയിരം രൂപ പിഴ ഈടാക്കും. 31 മുതല്‍ 45 ദിവസം വരെ 2000 രൂപയും 46 മുതല്‍ 60 ദിവസം വരെ 4000 രൂപയും പിഴയീടാക്കും.

Latest