പ്രതിമാസ റിപ്പോര്‍ട്ടുകള്‍ നല്‍കാത്ത സ്‌കാനിംഗ് സെന്ററുകള്‍ക്കെതിരെ നടപടിയെടുക്കും

Posted on: June 27, 2015 5:20 am | Last updated: June 27, 2015 at 12:20 pm

മലപ്പുറം: ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൃത്യമായി പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ നല്‍കാത്ത സ്‌കാനിംഗ് സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്‌കാനിംഗ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ അതത് പ്രദേശങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്താനും ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി എന്‍ ഡിടി ജില്ലാതല ഉപദേശക സമിതി യോഗം നിര്‍ദേശിച്ചു.
സ്‌കാനിംഗ് സെന്ററുകള്‍ എല്ലാ മാസവും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണമെന്നാണ് നിയമം. എന്നാല്‍ മിക്ക സ്‌കാനിംഗ് സെന്ററുകളും റിപ്പോര്‍ട്ട് നല്‍കാന്‍ കാലതാമസം വരുത്തുന്നതിനാലാണ് നടപടി. പി എന്‍ ഡി ടി ജില്ലാതല ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെയും മതിയായ സൗകര്യങ്ങളില്ലാതെയും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ മുഴുവന്‍ സെന്ററുകള്‍ക്കെതിരെയും നടപടിയെടുക്കും. കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഹിയറിംഗ് നടത്തിയതിന് ശേഷം മാത്രമേ സെന്ററുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പാടുള്ളൂ എന്നും യോഗം തീരുമാനിച്ചു. പുതിയ സ്‌കാനിംഗ് സെന്ററുകള്‍ തുടങ്ങുന്നതിന് ലഭിച്ച 14 അപേക്ഷകളില്‍ ഏഴ് എണ്ണം അനുവദിക്കാനും യോഗം തീരുമാനിച്ചു. ആദ്യഘട്ട പരിശോധനയില്‍ തൃപ്തികരമല്ലാത്ത കാരണത്താല്‍ നിരസിച്ച മറ്റ് അപേക്ഷകള്‍ രണ്ടാംഘട്ട പരിശോധനക്ക് ശേഷം തൃപ്തികരമാണെങ്കില്‍ അടുത്ത കമ്മിറ്റിയില്‍ പരിഗണിക്കും.
രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അപേക്ഷിച്ച മൂന്ന് സെന്ററുകള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാനും തീരുമാനിച്ചു. മൂന്ന് കേന്ദ്രങ്ങളും പരിശോധന നടത്തി തൃപ്തികരമാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ആര്‍ സി എച്ച് ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ ആര്‍ സി എച്ച് ഓഫിസര്‍ ഡോ. പി എം ജ്യോതി, ഡെപ്യൂട്ടി ഡി എം ഒ ഡോ. ആര്‍ രേണുക, റേഡിയോളജിസ്റ്റ് ആര്‍ ആനന്ദ്, ബീന സണ്ണി പങ്കെടുത്തു.