Connect with us

Articles

അങ്ങനെ സി എഫ് എല്ലും ഉപേക്ഷിച്ചു തുടങ്ങുന്നു

Published

|

Last Updated

ഊര്‍ജ സംരക്ഷണത്തിനായി സാധാരണ ബള്‍ബില്‍ നിന്നും കോംബേക്റ്റ് ഫഌറസന്റ് ലാമ്പു (സി എഫ് എല്‍)കളിലേക്ക് ലോകം ചുവട് മാറിയിട്ട് നാളേറെയായിട്ടില്ല. എന്നാല്‍ സി എഫ് എല്‍ ബള്‍ബുകളിലെ മെര്‍ക്കുറി സാന്നിധ്യവും അതില്‍ നിന്ന് പുറത്തുവരുന്ന അള്‍ട്രാ വൈലറ്റ് റേഡിയേഷനും അവിടെ നിന്നും എല്‍ ഇ ഡിയിലേക്ക് ലോകത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. പാരമ്പര്യമായി നാം ഉപയോഗിച്ചുവന്നിരുന്നത് 40, 60, 100 വാട്‌സ് ബള്‍ബുകളാണ്. കൂടുതല്‍ ഊര്‍ജം ഉപയോഗിച്ച് കുറച്ച് വെളിച്ചം തരുന്നവയാണ് ബള്‍ബുകള്‍. കേരളത്തിലെ ജലവൈദ്യുത പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന പവറിന്റെ വലിയൊരു പങ്ക് ബള്‍ബ് കത്തുമ്പോള്‍ ഉപയോഗശൂന്യമായി പോയിക്കൊണ്ടിരുന്നു. പുതിയ ജലവൈദ്യുത പദ്ധതി വിഭാവനം ചെയ്യുന്നതിന് മുമ്പായി ഊര്‍ജതീനികളായ ബള്‍ബുകള്‍ മാറ്റി സി എഫ് എല്‍ ബള്‍ബുകളിലേക്ക് മാറാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കൂടുതല്‍ പ്രകാശം, കുറഞ്ഞ ഊര്‍ജ ഉപയോഗത്തില്‍ ലഭിക്കുമെന്നതാണ് സി എഫ് എല്ലിന്റെ പ്രത്യേകത. കുന്നും മലയും കാടും ജൈവ വൈവിധ്യങ്ങളും കാലാവസ്ഥയും കുടിവെള്ളവും നശിപ്പിച്ച് വൈദ്യുതിക്കായി അണക്കെട്ട് നിര്‍മിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും കുറഞ്ഞ ഊര്‍ജത്തില്‍ സി എഫ് എല്‍ ബള്‍ബുകള്‍ തന്നെയായിരുന്നു കാര്യക്ഷമം. അമിതമായ ഊര്‍ജം വേണ്ടിവരുന്ന ബള്‍ബ് നിര്‍മാണം തന്നെ പല രാജ്യങ്ങളും ഇതിനോടകം നിര്‍ത്തിവെച്ചുകഴിഞ്ഞു. സി എഫ് എല്ലിനെ അപേക്ഷിച്ച് ബള്‍ബിന് കുറഞ്ഞ വിലയാണെങ്കിലും കറന്റ് ബില്ല് കനക്കും. ബള്‍ബിന്റെ മഞ്ഞ പ്രകാശത്തേക്കാള്‍ പിന്നീട് ജനം ഇഷ്ടപ്പെട്ടത് ട്യൂബ് ലൈറ്റിന്റെ വെള്ള പ്രകാശമാണ്. ബള്‍ബിനേക്കാള്‍ കുറഞ്ഞ വൈദ്യുതി ട്യൂബ് ലൈറ്റ് ഉപയോഗിക്കുന്നതിനാലും കൂടുതല്‍ പ്രകാശം ലഭിക്കുന്നതിനാലും ആളുകള്‍ക്ക് ട്യൂബ് ലൈറ്റ് ഹൃദ്യമായി. സ്റ്റാര്‍ട്ടര്‍ ഉപയോഗിച്ച് കത്തിക്കുന്നതിന് പകരം പിന്നീട് അതില്ലാത്ത ട്യൂബുകള്‍ പ്രചാരത്തിലായി. ബള്‍ബിനേക്കാള്‍ വലിയ വില ട്യൂബിന് നല്‍കേണ്ടതുണ്ട്. മാത്രമല്ല, ട്യൂബ് ലൈറ്റുകള്‍ ബള്‍ബിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് ഫ്യൂസാകുന്നത് ഒരു പരിമിതിയായി. ഫ്യൂസായതിന്റെ സംസ്‌കരണം ഒരു തലവേദനായി മാറി. ഇത് രാസ മലിനീകരണത്തിന് വഴി വെക്കുന്നുണ്ട്.
ഈ കാലഘട്ടത്തിലാണ് സി എഫ് എല്‍ ബള്‍ബിന്റെ വരവ്. ഇവ പ്രകാശത്തിന്റെ കാര്യത്തിലും കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തിലും മുന്‍പന്തിയിലായി. ട്യൂബ് ലൈറ്റിനേക്കാള്‍ കുറഞ്ഞ വിലക്ക് അതേ പ്രകാശം നല്‍കുന്നതും കൈകാര്യം എളുപ്പവുമായ സി എഫ് എല്‍ വന്‍ പ്രചാരം നേടി. ബള്‍ബ് പോലെ ഒരു പ്രത്യേക പോയിന്റില്‍ നിന്ന് പ്രകാശം തരുന്ന സി എഫ് എല്‍ ട്യൂബ് ലൈറ്റ് വെളിച്ചം പരത്തുന്നതിനേക്കാള്‍ കൂടുതല്‍ ഭാഗത്തേക്ക് പ്രകാശം പരത്തുന്നതിനാല്‍ ഉപയോഗം വളരെ ഫലപ്രദമാണ്.
സാധാരണ ബള്‍ബിനേക്കാള്‍ 75 ശതമാനം വൈദ്യുതി ലാഭിക്കാന്‍ സി എഫ് എല്ലിന് കഴിയുന്നു. ഇതോടൊപ്പം കുടുതല്‍ പ്രകാശം കൂടി നല്‍കുന്നതിനാല്‍ ബള്‍ബിനെക്കാള്‍ വില കൂടുതലായിട്ടും ആളുകള്‍ സി എഫ് എല്ലിനെ ആശ്രയിക്കാന്‍ തുടങ്ങി. സാധാരണ ബള്‍ബ് നല്‍കിയാല്‍ സി എഫ് എല്‍ തിരിച്ചു നല്‍കുന്ന കേരള സര്‍ക്കാറിന്റെ പദ്ധതിയും ഈ ബള്‍ബുകളുടെ പ്രചാരണം കൂട്ടി. ഇത് വൈദ്യുതി ഉപഭോഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കെ എസ് ഇ ബിയെ സഹായിച്ചു. 100 വാട്ടിന്റെ ബള്‍ബുകള്‍ വീടുകളില്‍ നിന്നും തെരുവോരങ്ങളില്‍ നിന്നും അപ്രത്യക്ഷമായതോടെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരളവുവരെ പരിഹാരവുമായി.
ഇന്നിതാ, സി എഫ് എല്ലിനേക്കാള്‍ ഊര്‍ജകാര്യത്തില്‍ കാര്യക്ഷമതയുള്ള ലൈറ്റ് എമിറ്റിംഗ് ഡൈയോഡുകള്‍ പുറത്തിറങ്ങിയതോടെ അത് സി എഫ് എല്‍ ബള്‍ബുകള്‍ക്ക് പകരക്കാരനാകുകയാണ്. സി എഫ് എല്‍ ബള്‍ബുകള്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. 2007 മുതല്‍ സി എഫ് എല്‍ ബള്‍ബുകള്‍ കുറച്ചുകൊണ്ടുവരാനും ഉപേക്ഷിക്കാനും അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തു. സാധാരണ ബള്‍ബുകളും സി എഫ് എല്ലും ഒരുപോലെ ഉപേക്ഷിക്കാനാണ് പല രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. സി എഫ് എല്‍ ബള്‍ബുകളില്‍ മാരകമായ ഘനലോഹമായ മെര്‍ക്കുറി ഉണ്ടെന്നതും സി എഫ് എല്ലില്‍ നിന്ന് ഉണ്ടാകുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ ത്വക്ക് ക്യാന്‍സറിന് കാരണമാകുന്നുവെന്നതും ഈ ബള്‍ബിനെ അപകടകാരിയാക്കുന്നു. സി എഫ് എല്‍ ബള്‍ബുകളില്‍ മൂന്ന് മുതല്‍ അഞ്ച് വരെ മില്ലി ഗ്രാം മെര്‍ക്കുറി ഉണ്ട്. ഒരു സി എഫ് എല്‍ ബള്‍ബ് മുറിയില്‍ പൊട്ടുമ്പോള്‍ 0. 7 മില്ലി ഗ്രാം വരെ മെര്‍ക്കുറി മുറിയിലെ വായുവില്‍ പരക്കും. ഇത് മതി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്. കുട്ടികള്‍ മെര്‍ക്കുറി കലര്‍ന്ന വായു ശ്വസിക്കുകയാണെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. സാധാരണയായി മെര്‍ക്കുറി നാഢീ വ്യവസ്ഥയെ നിശ്ചലമാക്കുന്നുവെന്നതാണ് പ്രധാന പ്രശ്‌നം. തളര്‍വാദം, അവയവങ്ങളുടെ ചലനശേഷി നഷ്ടപ്പെടല്‍ എന്നിവയും മെര്‍ക്കുറി മനുഷ്യ ശരീരത്തിലെത്തുന്നതുകൊണ്ട് സംഭവിക്കുന്നു. മെര്‍ക്കുറിക്ക് വളരെ സൂക്ഷ്മമായ അളവില്‍ പോലും മനുഷ്യനില്‍ തളര്‍വാദം വരുത്താനാകും. 2012ലെ സ്റ്റോണി ബ്രൂക്ക് സര്‍വകലാശാലയിലെ പഠനത്തില്‍ ഗവേഷകര്‍ പറയുന്നത് സി എഫ് എല്‍, യു വി റേഡിയേഷന്‍ പ്രകാശത്തോടൊപ്പം പുറത്തുവിടുന്നുവെന്നതാണ്. ഇത്തരം യു വി റേഡിയേഷനുകള്‍ സി എഫ് എല്‍ ബള്‍ബുകളില്‍ നിന്നും വളരെ അടുത്ത് ത്വക്കില്‍ പതിക്കുകയാണെങ്കില്‍ ത്വക്ക്് ക്യാന്‍സറിന് കാരണമാകുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഒരു മുറിയില്‍ രാത്രിയില്‍ സി എഫ് എല്‍ ബള്‍ബ് നിരന്തരം മണിക്കൂറുകളോളം തെളിയിച്ചിട്ടാല്‍ അള്‍ട്രാ വൈലറ്റ് രശ്മികള്‍ കൂടുതല്‍ ബള്‍ബില്‍ നിന്നും ചോരുവാന്‍ ഇട വരുത്തും.
തണുപ്പുള്ള പ്രദേശങ്ങളില്‍ സി എഫ് എല്‍ ബള്‍ബുകളുടെ പ്രകാശം താരതമ്യേന സാധാരണ ബള്‍ബിനേക്കാള്‍ കുറവാണെന്നതും സി എഫ് എല്‍ ഉപയോഗം കുറയ്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിലും തെരുവുകളിലും ഉപയോഗിക്കാന്‍ സി എഫ് എല്‍ കാര്യക്ഷമമല്ല എന്ന പക്ഷക്കാരും ഉണ്ട്. ഇക്കാരണങ്ങളാല്‍ സി എഫ് എല്‍ ബള്‍ബുകള്‍ എല്‍ ഇ ഡി ബള്‍ബുകള്‍ക്ക് വഴി മാറുകയാണ്. സാധാരണ ബള്‍ബുകളെക്കാളും സി എഫ് എല്‍ ബല്‍ബുകളെക്കാളും എന്തുകൊണ്ടും എല്‍ ഇ ഡി ബള്‍ബുകള്‍ ഊര്‍ജപരമായി കൂടുതല്‍ കാര്യക്ഷമമാണ്. സി എഫ് എല്ലിനെപ്പോലെ മെര്‍ക്കുറി പ്രശ്‌നങ്ങളും യു വി റേഡിയേഷനും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും എല്‍ ഇ ഡി ബള്‍ബുകള്‍ക്കില്ല. ചെലവ് അല്‍പ്പം കൂടുതലാണെങ്കിലും കൂടുതല്‍ കാലം ഉപയോഗിക്കാമെന്നതും വൈദ്യുതി ബില്‍ വളരെ കുറയുമെന്നതും വെളിച്ചം ട്യൂബ് ലൈറ്റ് പോലെ തരുമെന്നതും എല്‍ ഇ ഡിയുടെ സാധ്യതകളാണ്. ഉപയോഗശൂന്യമായ എല്‍ ഇ ഡി ബള്‍ബുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അപകടം പതിയിരിക്കുന്നില്ല എന്നത് വളരെ പ്രധാനമാണ്. സി എഫ് എല്‍ ബള്‍ബുകള്‍ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് വഴി തീ പിടിക്കാനുള്ള സാധ്യത ഏറെയാണ്. എല്‍ ഇ ഡിയെ അപേക്ഷിച്ച് ഫ്യൂസാകാനുള്ള സാധ്യതയും സി എഫ് എല്ലിനു കൂടുതലാണ്. എന്നാല്‍, എല്‍ ഇ ഡി ബള്‍ബുകളുടെ കൂടുതലായ ഊര്‍ജ കാര്യക്ഷമതയും പൊട്ടാനുള്ള സാധ്യതക്കുറവും കൂടുതല്‍ കാലം നിലനില്‍ക്കുമെന്നതും മലിനീകരണ സാധ്യതക്കുറവും എല്ലാം ലോകത്തെ സി എഫ് എല്ലില്‍ നിന്ന് എല്‍ ഇ ഡിയിലേക്കുള്ള പ്രയാണം വേഗത്തിലാക്കും.

 

Latest