ഉമ്മന്‍ചാണ്ടിക്ക് മന്‍മോഹന്‍സിംഗിന്റെ ഗതിവരുമെന്ന് പിണറായി

Posted on: June 25, 2015 12:48 pm | Last updated: June 26, 2015 at 1:17 am

pinarayi pressതിരുവനന്തപുരം; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മന്‍മോഹന്‍സിംഗിന്റെ ഗതിവരുമെന്ന് പിണറായി വിജയന്‍. കോഴപ്പണം എണ്ണിവാങ്ങിച്ച ആദ്യത്തെ ധനമന്ത്രിയാണ് കെഎം മാണിയെന്നും അദ്ദേഹം പറഞ്ഞു. തെളിവുകള്‍ പരിശോധിക്കാനല്ല, മാധ്യമങ്ങളെ പഴിക്കാനാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞതിനോട് മന്ത്രിമാര്‍ പ്രതികരിക്കാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്ക് വേശ്യാലയ സംസ്‌കാരമാണുള്ളത്. ഇത്ര അധമന്‍മാരായ മന്ത്രിസംഘത്തെ കേരളം ഇതിന് മുന്‍പ് കണ്ടിട്ടില്ല. സ്വന്തം പേരിലുള്ള കേസ് ഇല്ലാതാക്കാന്‍ കോഴ കൊടുത്ത ഏക മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. ഇതിനെല്ലാം എതിരായ ജനവികാരമാകും അരുവിക്കരയില്‍ പ്രതിഫലിക്കുക. അഴിമതിയോട് പ്രതികരിക്കാനുള്ള അവസരമാണ് ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഒ.രാജഗോപാല്‍ എത്താന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. ബിജെപിയെ പൊക്കികാണിക്കുകയാണ് ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം. ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും ആര്‍എസ്എസും ബിജെപിയുമായി അടുത്ത ബന്ധമുണ്‌ടെന്നും പിണറായി ആരോപിച്ചു.

അരുവിക്കരയില്‍ യുഡിഎഫിന് അനുകൂല നിലപാടുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നത്. പണം വാങ്ങി വോട്ടു വാങ്ങാനുള്ള യുഡിഎഫ് ശ്രമം കമ്മീഷന്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. താന്‍ പ്രചാരണ രംഗത്ത് പരസ്യമായി രംഗത്തിറങ്ങാതിരുന്നതിന് എതിരേയുള്ള വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ യുഡിഎഫുകാര്‍ക്ക് തന്നോട് ഇത്രയും താല്‍പര്യമുണ്ടോ എന്നാണ് പിണറായി ചോദിച്ചത്.