Connect with us

Gulf

അംബര ചുംബികളുടെ നഗരങ്ങള്‍

Published

|

Last Updated

ദുബൈ

അംബരചുംബികളായ കെട്ടിടങ്ങളുടെ നഗരങ്ങളായി അബുദാബി, ദുബൈ, ഷാര്‍ജ മാറിയിട്ടുണ്ട്. ഇവിടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. കെട്ടിടങ്ങളുടെയും അതില്‍ താമസിക്കുന്നവരുടെയും സുരക്ഷ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. തീ പിടുത്തമുണ്ടാകുമ്പോള്‍ വന്‍ നാശം സംഭവിക്കുന്നുവെന്നതും ഉയരത്തിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് ആളുകള്‍ വീണാല്‍ എളുപ്പം ജീവഹാനി സംഭവിക്കുന്നുവെന്നതും യാഥാര്‍ഥ്യം. പലയിടങ്ങളിലും അബദ്ധത്തില്‍ വീണ് മരണമടഞ്ഞതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കാണാനാകും. ചിലര്‍ ആത്മഹത്യക്ക് തിരഞ്ഞെടുക്കുന്നതും ബഹുനില കെട്ടിടങ്ങളെ. എന്നാലും ധാരാളം കെട്ടിടങ്ങള്‍ ഉയര്‍ന്നുവരുന്നു. നഗരത്തിലെ സ്ഥല പരിമിതിയാണ് ഇതിന് കാരണം. നിക്ഷേപം എന്ന നിലയില്‍ അപ്പാര്‍ടുമെന്റുകളെ കാണുന്നവര്‍ ഉടലെടുത്തത് മറ്റൊന്ന്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ നിര്‍മാതാക്കളായി എത്തിയിട്ടുണ്ട്. അവര്‍ സ്ഥലം ദീര്‍ഘ കാലത്തേക്ക് പാട്ടത്തിനെടുത്ത് കെട്ടിടം നിര്‍മിക്കുന്നു. മിക്കതും രാജ്യാന്തര നിലവാരത്തിലുള്ളത്. കെട്ടിടം പണി തുടങ്ങുന്നതിനു മുമ്പ് അപ്പാര്‍ടുമെന്റുകളോരോന്നായി വില്‍പന നടത്തുന്നു.
ലോകത്തിലെ 100 വമ്പന്‍ കെട്ടിടങ്ങളില്‍ നാലിലൊന്ന് യു എ ഇയിലാണ്. ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ ബുര്‍ജ് ഖലീഫ അടക്കം 20 കെട്ടിടങ്ങളുണ്ട്. 15 വര്‍ഷത്തിനിടയിലാണ് ഈ മാറ്റം.
1979ല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ നിലവില്‍ വന്നപ്പോള്‍ അത് മധ്യപൗരസ്ത്യ ദേശത്തെ ഉയരം കൂടിയ കെട്ടിടം എന്ന പദവി നേടി. 39 നിലയാണ് അതിനുള്ളത്. 150 മീറ്ററിലധികം ഉയരമുള്ള 192 ഓളം കെട്ടിടങ്ങള്‍ യു എ ഇയിലുണ്ട്. ദുബൈയില്‍ 149ഉം അബുദാബിയില്‍ 32ഉം. ഇത്തരത്തില്‍, ഖത്തറില്‍ 28 കെട്ടിടങ്ങളാണുള്ളത്. സഊദി അറേബ്യയില്‍ 26. പത്തു വര്‍ഷത്തിനിടയിലാണ് ഖത്തറിലെയും സഊദിയിലെയും മുന്നേറ്റം.
2011ലാണ് പൊക്കമുള്ള കെട്ടിടങ്ങള്‍ ഏറെയും പണി തീര്‍ന്നതെന്ന് കൗണ്‍സില്‍ ഓണ്‍ ടാള്‍ ബില്‍ഡിംഗ്‌സ് ആന്റ് അര്‍ബന്‍ ഹാബിറ്റേറ്റ് വക്താവ് ഡാനിയേല്‍ സഫാരിക് വ്യക്തമാക്കി. 81 കെട്ടിടങ്ങള്‍ 2011ല്‍ ഉദ്ഘാടനം ചെയ്തു. 2013ല്‍ 73 കെട്ടിടങ്ങള്‍ പൂര്‍ത്തിയായി.
സാമ്പത്തികവും മാനവശേഷിപരവുമായ ലഭ്യതയാണ് വന്‍കെട്ടിടങ്ങളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കുന്നത്. ദുബൈക്ക് അവ വേണ്ടുവോളം ഉണ്ടായിരുന്നു. ഏഷ്യയില്‍ നിന്ന് കുറഞ്ഞ വേതനത്തിന് തൊഴിലാളികള്‍ എത്തിയത് ഗുണകരമായി.
ലോകത്തെ ഏറ്റവും പൊക്കമുള്ള അഞ്ചു കെട്ടിടങ്ങളില്‍ മൂന്ന് ദുബൈയിലാണ്. 2013ല്‍ പൂര്‍ത്തിയായ ജെ ഡബ്ല്യു മാരിയോട്ട് മാര്‍ക്വിസ്, ദുബൈ ടവര്‍ ടു എന്നിവ ഉള്‍പെടുന്നു.
ചൈനയിലും നിരവധി അംബര ചുംബികള്‍ പണിയുന്നുണ്ടെങ്കിലും യു എ ഇയെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. 22 നഗരങ്ങളിലായി 37 കെട്ടിടങ്ങളാണ് ചൈനയില്‍ ഉയര്‍ന്നുവന്നത്.
സഊദി അറേബ്യയിലാണ് ഇനി വന്‍തോതില്‍ കെട്ടിട സമുച്ചയങ്ങള്‍ വരുന്നത്. ലോകത്തിലെ പൊക്കമുള്ള കെട്ടിടം, ഏഴ് കെട്ടിടങ്ങള്‍ ഉള്‍പെടുന്ന സമുച്ചയം എന്നിവ സഊദി വിഭാവനം ചെയ്തിട്ടുണ്ട്. 2019 ഓടെയാണ് പൊക്കമുള്ള കെട്ടിടം പൂര്‍ത്തിയാവുക. ആയിരം മീറ്ററിലധികം ഉയരം ഉണ്ടാകും.
ലോകത്തിലെ പ്രധാന നഗരങ്ങളായ ടൊറന്റോ, സിംഗപ്പൂര്‍, ലണ്ടന്‍, പാരിസ്, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ നഗരങ്ങളെ പിന്നിലാക്കാന്‍ ദുബൈക്കു കഴിഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴിലവസരം നല്‍കുന്ന മേഖലയായതിനാല്‍ കൂടുതല്‍ ഉയരങ്ങളിലെത്തെട്ടെയെന്നതാണ് ഇവിടെയുള്ള വിദേശികളുടെ ആഗ്രഹം.

Latest