കടല്‍ക്ഷോഭ മേഖലയില്‍ ഭിത്തിനിര്‍മിക്കാന്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി

Posted on: June 24, 2015 9:25 am | Last updated: June 24, 2015 at 1:25 pm

തിരൂരങ്ങാടി: പരപ്പനങ്ങാടി ബീച്ചില്‍ താത്കാലിക കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി തഹസില്‍ദാര്‍ ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
സദ്ദാംബീച്ച്, ആവിയില്‍ ബീച്ച് ആലുങ്ങല്‍ ബീച്ച് ഒട്ടുമ്മല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അടിയന്തിര നടപടി ആവശ്യമുള്ളത്. കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശിച്ച തഹസില്‍ദാര്‍ ടി യു ജോണ്‍ ഇവിടത്തെ സ്ഥിതി ഗതികള്‍ വിലയിരുത്തി. നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്.
കടല്‍ക്ഷോഭ മേഖലയില്‍ കരിങ്കല്‍ പാകിയോ മണല്‍നിറച്ച ചാക്കുകള്‍ അട്ടിവെച്ചോ താത്കാലിക സംവിധാനം ഒരുക്കാമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. ഇവിടെ ടിപ്പുസുല്‍ത്താന്‍ റോഡ് അപകടാവസ്ഥയിലായതിനാല്‍ വലിയ വാഹനങ്ങള്‍ കടന്ന് പോകുന്നത് നിരോധിച്ചതായി തഹസില്‍ദാര്‍ പറഞ്ഞു. റോഡിന്റെ അടിഭാഗത്തെ മണ്ണ് തിരമാലയില്‍ ഒലിച്ചുപോയിട്ടുണ്ട്. വലിയവാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത് റോഡ് പൂര്‍ണമായും തകരാന്‍ ഇടവരുന്നതിനാലാണ് ഗതാഗതം നിരോധിച്ചത്. കലക്ടര്‍ക്ക് പുറമെ തിരൂര്‍ സബ് കലക്ടര്‍ക്കും റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.