പനിച്ചു വിറക്കുന്ന കേരളം

Posted on: June 24, 2015 6:00 am | Last updated: June 23, 2015 at 10:31 pm

SIRAJ.......ആരോഗ്യപരിരക്ഷാ പരിപാലനത്തില്‍ മുന്നിലെന്ന് അവകാശപ്പെടുന്ന കേരളം എല്ലാ മഴക്കാലത്തും പനിച്ചു വിറക്കുകയാണ്. ഇക്കുറിയും പതിവു തെറ്റിക്കാതെ ആയിരക്കണക്കിന് രോഗികളാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സ തേടിയെത്തുന്നത്. അപ്രത്യക്ഷമായെന്ന് കരുതിയ രോഗങ്ങള്‍ പോലും തിരിച്ചുവരുമ്പോള്‍ കാലവര്‍ഷത്തില്‍ പെയ്യുന്ന പകര്‍ച്ചവ്യാധികളുടെ പേമാരിയില്‍ പകച്ചു നില്‍ക്കുകയാണ് ഭരണകൂടം. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മെല്ലെപ്പോക്കും ഡോക്ടര്‍മാരുടെ അഭാവവുമാണ് പകര്‍ച്ചപ്പനി ഇത്രയും വ്യാപകമാകാനുള്ള പ്രധാന കാരണം. എലിപ്പനി, ഡെങ്കിപ്പനി, കുരങ്ങുപനി, പന്നിപ്പനി തുടങ്ങി വിവിധ പേരുകളിലുള്ള വൈറല്‍ രോഗങ്ങള്‍ക്ക് പുറമേ ബ്ലാക്ക് ഫീവര്‍ എന്ന കറുത്ത പനിയും സംസ്ഥാനത്ത് സ്ഥിരീകരിച്ചതാണ് ഏറ്റവും പുതിയ ഭീഷണി. സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ നിലവിലെ സാഹചര്യം നേരിടാന്‍ സജ്ജമല്ല എന്നതാണ് യാഥാര്‍ഥ്യം. ഡോക്ടര്‍മാരുടെ നൂറുകണക്കിന് സീറ്റുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനിയും നികത്താതെ കിടക്കുന്നത്.
രോഗപ്രതിരോധ നടപടികളിലെ വീഴ്ച മാത്രമല്ല; മാലിന്യ നിര്‍മാര്‍ജ്ജനത്തിലും പൊതുജന ശുചിത്വം ഉറപ്പാക്കുന്നതിലും വന്ന പാളിച്ചയും സ്ഥിതിഗതികള്‍ ഗുരുതരമാകുന്നതിന് കാരണമായി. മാലിന്യനിര്‍മാര്‍ജന ഉത്തരവാദിത്തം കയ്യൊഴിയുന്ന നഗരസഭകളും പഞ്ചായത്തുകളും സംസ്ഥാനത്ത് ഇപ്പോഴും ധാരാളമുണ്ട്. കാലവര്‍ഷം തുടങ്ങിയതോടെ പകര്‍ച്ചവ്യാധികളുടേയും പ്രത്യേകിച്ച് വൈറല്‍ രോഗങ്ങളുടേയും സ്രോതസായി മാറുകയാണ് കുന്നുകൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍. ഇതുകൊണ്ടൊക്കെ ഇല്ലാതായെന്ന് കരുതിയ രോഗങ്ങള്‍ തിരിച്ചുവരുന്നു. മന്ത്, കുഷ്ഠം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ തെക്കന്‍ ജില്ലകളില്‍ തലപൊക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളാണ് പ്രധാനമായും ഇത്തരം രോഗങ്ങളുടെ ഉറവിടമെന്നാണ് കണ്ടെത്തല്‍. അന്യസംസ്ഥാന തൊഴിലാളികള്‍ക്കു ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളില്‍ എത്തിയ 380 പേരില്‍ 45 പേര്‍ മരണമടഞ്ഞുവെന്നാണ് വിവരം. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണനിരക്ക് കൂടുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. എച്ച്1 എന്‍1 മരണനിരക്കും ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2010ല്‍ 10 പേര്‍ മരിച്ച സ്ഥാനത്ത് ഈ വര്‍ഷം 48 പേരാണ് മരിച്ചത്. ചെള്ളുപനി, കുരങ്ങു പനി എന്നിവയിലൂടെ യഥാക്രമം എട്ടും 11ഉം മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനിയില്‍ മരണം കുറഞ്ഞെങ്കിലും രോഗനിരക്ക് കൂടുകയാണ്.
മുന്തിയ ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്കും ചികിത്സക്ക് പൊതു ഖജനാവില്‍ നിന്ന് പണം ലഭിക്കുന്നവര്‍ക്കും നിലവിലെ അവസ്ഥ പൂര്‍ണമായി മനസ്സിലാകില്ല. പാവപ്പെട്ട കുടുംബത്തിലെ അത്താണിയായ ഒരാള്‍ക്ക് ഡെങ്കി പോലുള്ള പകര്‍ച്ചപ്പനി പിടിപെട്ടാല്‍ അവന്റെ കുടുംബം തന്നെ പട്ടിണിയാകുന്ന അവസ്ഥയാണ് ഇപ്പോഴും സംസ്ഥാനത്തുള്ളത്. സാമൂഹിക സുരക്ഷിതത്വത്തിന് വലിയ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും രോഗമുക്തി നേടുന്നതു വരെ കടം വാങ്ങിയും പരസഹായത്താലും കുടുംബം തള്ളിനീക്കേണ്ടി വരുന്ന പാവപ്പെട്ടന്റെ സ്ഥിതിക്ക് യാതൊരു മാറ്റവുമില്ല. രോഗം മാറിയാലും മൂന്നാഴ്ച വരെ പണിക്കു പോലും പോകാനാതെ കഴിയുന്ന പാവപ്പെട്ടവന്റെ കണ്ണില്‍ നിന്നു വേണം പകര്‍ച്ചപ്പനിയെ സര്‍ക്കാര്‍ നോക്കിക്കാണാന്‍. ഉത്തരവാദിത്തമുള്ള ഭരണകൂടം ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിവുള്ളതാകും. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ പിരിഞ്ഞുപോകുമെന്ന കാര്യം മുന്‍കൂട്ടി കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. രണ്ട് മാസത്തിനിടെ 800 ഡോക്ടര്‍മാര്‍ സര്‍ക്കര്‍ സര്‍വീസില്‍ നിന്നു വിരമിച്ചിട്ടും ഒഴിവുകള്‍ നികത്തിയിട്ടില്ല. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടെ ഡോക്ടര്‍മാരുടേയും അനുബന്ധ ജീവനക്കരുടേയും അഭാവംമൂലം വിഷമിക്കുകയാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ജനറല്‍ ആശുപത്രികളും. ഒഴിവുകള്‍ നികത്തുന്നതിന് നടപടി തുടങ്ങിയതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. 600 പേരുടെ ലിസ്റ്റാണ് പി എസ് സിയുടെ പക്കലുള്ളത്. അഡൈ്വസ് നല്‍കിയാല്‍ തന്നെ ഈ 600 പേരുടെയും സേവനം ലഭിക്കുമെന്ന് ഉറപ്പില്ല. പലരും കൗണ്‍സലിംഗില്‍ പോലും പങ്കെടുക്കില്ല. വലിയ ഒരു വിഭാഗം ഉപരിപഠനത്തിന് എക്സ്റ്റന്‍ഷന്‍ ചോദിക്കും. ഇതു കൂടാതെ ഗ്രാമീണ സേവനം ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പലരും പ്രത്യേകാനുമതി വാങ്ങിയോ അവധിയെടുത്തോ അതില്‍നിന്ന് ഒഴിവാകുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വളരെ കുറഞ്ഞ ഫീസ് നിരക്കില്‍ പഠനം പൂര്‍ത്തിയാക്കുന്ന ഓരോ വിദ്യാര്‍ഥിക്കും വേണ്ടി ഭീമമായ തുകയാണ് സര്‍ക്കാരിനു ചെലവാകുന്നത്. ഉയര്‍ന്ന റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടതു കൊണ്ടാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കാന്‍ സാധിച്ചതെങ്കിലും ആ അവസരം ലഭിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിവരുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്ന കടമ കൂടി നിര്‍വഹിക്കാന്‍ തയ്യാറാകണം. ഗ്രാമീണ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ സുപ്രധാനമാണ്. പല രോഗങ്ങളും തുടക്കത്തില്‍ കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നതു പ്രാഥമിക ആരോഗ്യ പരിശോധനയിലൂടെയാണ് എന്നതിനാല്‍ ഇവിടെ സന്നദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ മേഖലയില്‍ ഉറപ്പാക്കിയേ മതിയാകൂ. പാഠപുസ്തക വിവാദം പോലെ പരമാവധി പഴി കേട്ടതിന് ശേഷം മാത്രം നടപടി എന്ന സമീപനം മാറ്റി ആരോഗ്യ വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.