ഹൈക്കോടതി ബഞ്ച്: സംസ്ഥാനം നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് കേന്ദ്ര നിയമ മന്ത്രി

Posted on: June 21, 2015 11:05 pm | Last updated: June 21, 2015 at 11:05 pm

തിരുവനന്തപുരം: ഹൈക്കോടതി ബഞ്ച് തലസ്ഥാനത്ത് സ്ഥാപിക്കണമെന്ന ആവശ്യം നടപ്പാക്കാനാവശ്യമായ പദ്ധതി നിര്‍ദേശം മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും സംയുക്തമായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്ര സദാനന്ദ ഗൗഡ. അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ഹൈക്കോടതി ബഞ്ചുകള്‍ സ്ഥാപിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ഇതിനാദ്യം സര്‍ക്കാറും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മില്‍ സമവായത്തിലെത്തി പദ്ധതി നിര്‍ദേശം കേന്ദ്രത്തിന് നല്‍കണം. ഈ ആവശ്യമുന്നയിച്ച്, തന്നെ വന്നുകണ്ട കേരളത്തില്‍ നിന്നുള്ള എം പിമാരോട് ഇക്കാര്യം താന്‍ വ്യക്തമാക്കിയിരുന്നു. നിയമ മന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് നിന്ന് ഇത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ല. ഹൈക്കോടതി ബഞ്ചിനായി കെട്ടിടം, ജീവനക്കാര്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരുക്കേണ്ടത് സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.