മലബാര്‍ കലാപത്തിന്റെ സ്മരണകള്‍ വീണ്ടും പ്രകാശിതമാകുന്നു

Posted on: June 20, 2015 10:12 am | Last updated: June 20, 2015 at 10:12 am

തിരൂരങ്ങാടി: മൂന്നര പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങി കോപ്പികള്‍ തീര്‍ന്നു പോയ മലബാര്‍ കലാപത്തിന്റെ സ്മരണകളും പഠനങ്ങളും വീണ്ടും പ്രകാശിതമാകുന്നു. സമരത്തിന്റെ സിരാകേന്ദ്രമായി വര്‍ത്തിച്ച തിരൂരങ്ങാടിയില്‍ അറുപതാം വാര്‍ഷിക ഭാഗമായി 1981-ല്‍ പ്രസിദ്ധീകരിച്ച 350 പേജുകള്‍ വരുന്ന ഗ്രന്ഥമാണ് തിരൂരങ്ങാടിയിലെ 90-വാര്‍ഷിക കമ്മിറ്റി പുന:പ്രസിദ്ധീകരിച്ചത്. 1921ലെ സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ എല്ലാ ക്രൂരതകളെയും അനാവരണം ചെയ്യുന്ന ഗ്രന്ഥം തേടി വിവിധ സ്ഥലങ്ങളില്‍ നിന്നും ഗവേഷകര്‍ തിരൂരങ്ങാടിയിലെത്തുന്ന പശ്ചാത്തലത്തിലാണ് പുന:പ്രസിദ്ധീകരിക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്. ആഗസ്റ്റ് ആദ്യ വാരത്തില്‍ തിരൂരങ്ങാടി പി എസ് എം ഒ കോളജ് ചരിത്രവിഭാഗവുമായി സഹകരിച്ച് ചരിത്ര സെമിനാറോടു കൂടി ഗ്രന്ഥം പുറത്തിറക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. സ്വാതന്ത്രസമര സേനാനികളുള്‍പ്പെടെ പഠനാര്‍ഹമായ അനുഭവങ്ങളോടെ ലേഖനങ്ങളെഴുതിയ ഗ്രന്ഥമാണിതെന്ന പ്രത്യേകതയുണ്ട്. ഇ മൊയ്തുമൗലവി, സി എച്ച് മുഹമ്മദ്‌കോയ, കെ അവുക്കാദര്‍കുട്ടി നഹ, കെ കെ എന്‍ കുറുപ്പ്, യു എ ബീരാന്‍, ടി അസനാര്‍കുട്ടി താനൂര്‍, എം എസ് നായര്‍, പിപി ഉമര്‍കോയ, ഡോ. സി കെ കരീം. തുടങ്ങി നിരവധി പേരുടെ അനുഭവകുറിപ്പുകളും ലേഖലനങ്ങളും അടങ്ങിയ ഗ്രന്ഥത്തിനു ഇന്നും ആവശ്യക്കാരേറെയാണ്. ഖിലാഫത്ത് പ്രസ്ഥാനം. വാഗണ്‍ട്രാജഡി. പൂക്കോട്ടൂര്‍ യുദ്ധം, തിരൂരങ്ങാടിയിലെ സമരങ്ങള്‍, തുടങ്ങിയവയെ ആധാരമാക്കി സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പ്രധാന ഗ്രന്ഥവുമാണിത്. പ്രകാശനം വിപുലമായി നടത്താന്‍ പരിപാടികള്‍ ആവിഷ്‌കരിച്ചു. കെ കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. പി എം എ സലാം, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സിഎച്ച് മഹ്മൂദ്ഹാജി, പ്രൊഫ കെ ഇബ്‌റാഹിം, എം മുഹമ്മദ് കുട്ടി മുന്‍ഷി, കവറൊടി മുഹമ്മദ് മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, കെ പി അബ്ദുല്‍ അസീസ്, ഒ ഷൗക്കത്തലി, എ കെ മുസ്ഥഫ, പ്രൊഫ. ഒ പി മായിന്‍കുട്ടി, കെഎം മൊയ്തീന്‍, പ്രസംഗിച്ചു.