ഏഴ് മാസമായിട്ടും ഔദ്യോഗിക വസതി ലഭിച്ചില്ല, ഭവനരഹിതന്റെ ദുഃഖം മനസ്സിലായെന്ന് കേന്ദ്ര മന്ത്രി

Posted on: June 20, 2015 5:53 am | Last updated: June 20, 2015 at 12:53 am

ന്യൂഡല്‍ഹി: ‘റോട്ടി, കപഡാ, മകാന്‍ മുദ്രാവാക്യത്തിന്റെ ശക്തി ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഉണ്ടെങ്കില്‍ മാത്രമേ മനുഷ്യന് അവന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ’- കേന്ദ്ര ഗ്രാമ വികസന മന്ത്രി ചൗധരി വീരേന്ദ്ര സിംഗിന്റെ വാക്കുകളാണ് ഇത്. പാര്‍പ്പിടത്തിന്റെ വില ഇപ്പോള്‍ അദ്ദേഹം മനസ്സിലാക്കിയതിന് കാരണമുണ്ട്. സര്‍ക്കാറില്‍ അധികാരമേറ്റ് ഏഴ് മാസം പിന്നിട്ടിട്ടും അദ്ദേഹത്തിന് ഔദ്യോഗിക വസതി ലഭിച്ചിട്ടില്ല. ഒരു കേന്ദ്ര മന്ത്രിയായ തനിക്ക് ഔദ്യോഗിക വസതി ലഭിക്കാതിരുന്നപ്പോള്‍ എത്രമാത്രം ദുഃഖം തോന്നിയെന്നോ? അപ്പോള്‍ സാധാരണ ഭവനരഹിതന്റെ ദുഃഖം എത്ര വലുതായിരിക്കും- ഡല്‍ഹിയില്‍ ഭവന നിര്‍മാണ ശില്‍പ്പശാലയില്‍ പങ്കെടുത്ത് മന്ത്രി പറഞ്ഞു.
22 അക്ബര്‍ റോഡിലെ ബംഗ്ലാവാണ് ചൗധരിക്ക് അനുവദിച്ചിട്ടുള്ളത്. പക്ഷേ അവിടെ താമസിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് നോതാവും രാജ്യസഭാ എം പിയുമായ അംബികാ സോണിയാണ് അവിടെ ഇപ്പോള്‍ താമസിക്കുന്നത്. സോണിയെ അങ്ങനെ ഇറക്കി വിടാനുമാകില്ല. കാരണം അവരെ ഒഴിപ്പിക്കുന്നതിനെതിരെ കോടതി ഉത്തരവുണ്ട്. ഏതായാലും ഗ്രാമ വികസന മന്ത്രി ലോധി റോഡിലെ ചെറിയ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്.