സ്വര്‍ണ നിറത്തില്‍ ചക്ക; മഞ്ഞ തണ്ണിമത്തനും ഇനി വീട്ടില്‍ വിളയിക്കാം

Posted on: June 19, 2015 11:20 pm | Last updated: June 19, 2015 at 11:20 pm

SINDHUR- Jack fruit-knrകണ്ണൂര്‍: ചുവപ്പു തണ്ണിമത്തനും മഞ്ഞ നിറമുള്ള വരിക്കച്ചക്കയും കണ്ടും കഴിച്ചും മനം മടുത്തവര്‍ക്കിനിയൊരു നല്ല വാര്‍ത്ത. ചുവപ്പിനു പകരം മഞ്ഞ നിറമുള്ള കേരളാ സ്‌പെഷ്യല്‍ തണ്ണിമത്തനും സ്വര്‍ണ വര്‍ണമുള്ള വരിക്കയും വീട്ടു വളപ്പില്‍ വിളയിക്കാന്‍ അവസരമൊരുങ്ങുന്നു. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പുതിയ ഫല സസ്യ വര്‍ഗങ്ങളാണ് ഉടന്‍ വില്‍പ്പനക്കായെത്തുന്നത്്. സാധാരണയായുള്ള ഗുണവും രുചിയും അതു പോലെ നിലനിര്‍ത്തിയാണ് ചക്കയുടെയും തണ്ണിമത്തന്റെയും വിളയിനങ്ങള്‍ ഒരുങ്ങുന്നത്.
ഇതുകൂടാതെ നെല്ലിന്റെയും കൊക്കോയുടെയും അഞ്ച് വീതവും, വെള്ളരി, കുരുവില്ലാത്ത തണ്ണിമത്തന്‍, കുടമ്പുളി, കരിമ്പ് എന്നിവയുടെ രണ്ട് വീതവും പ്ലാവ്, കൂണ്‍, പച്ചമുളക്, പയര്‍,കുകുമ്പളം, തക്കാളി, വഴുതന എന്നിവയുടെ ഓരോ ഇനങ്ങളുമാണ് പുതിയതായി പുറത്തിറക്കുന്നത്. ഏറെ നാളത്തെ ഗവേഷണ ഫലമായാണ്് ഇതുള്‍പ്പടെയുള്ള ഇരുപത്തിയഞ്ച്് വിളയിനങ്ങള്‍ കാര്‍ഷിക സര്‍വകലാശാല തയ്യാറാക്കിയത്. മങ്കൊമ്പ്, കായംകുളം, വൈറ്റില, പടന്നക്കാട്, പീലിക്കോട് എന്നിവിടങ്ങളിലാണ് പുതിയ നെല്ലിനങ്ങള്‍ വികസിപ്പിച്ചത്. കണ്ണൂരിലെ ഏഴോത്ത് നിന്ന് വികസിപ്പിച്ചെടുത്ത ഏഴോം നാല് എന്ന നെല്‍ വിത്തും പുതിയ ഇനങ്ങളില്‍ ഉള്‍പ്പെടും. സദാനന്ദപുരത്ത് വികസിപ്പിച്ചെടുത്ത സിന്ദൂര്‍ എന്ന സ്വര്‍ണ വര്‍ണമുള്ള ചക്കയും, വെള്ളാനിക്കരയില്‍ വികസിപ്പിച്ച മഞ്ഞയും ചുവപ്പും കാമ്പുള്ള കുരുവില്ലാത്ത തണ്ണിമത്തനുമാണ് പുതിയ ഇനങ്ങളിലെ താരങ്ങള്‍. പരീക്ഷണപ്പാടങ്ങളില്‍ നിന്ന് ഉടന്‍ തന്നെ ഇവ കര്‍ഷകരിലേക്കെത്തും.
watermelon-knrകുമരകം ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് രണ്ട് പുതിയ കുടം പുളി ഇനങ്ങളും തിരുവല്ല കേന്ദ്രം വികസിപ്പിച്ച് രണ്ട് കരിമ്പിനങ്ങളും പുറത്തിറങ്ങുക. മുള്ളില്ലാതെ തഴച്ചു വളരുന്ന പൊന്നി എന്ന വഴുതനയും തിരുവല്ല കേന്ദ്രത്തിന്റെ സംഭാവനയാണ്. ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കാന്‍ കഴിവുള്ള മനുപ്രഭ എന്ന തക്കാളി മണ്ണുത്തി ഗവേഷണ കേന്ദ്രത്തിന്റെ സംഭാവനയാണ്. വെള്ളായണിയില്‍ വികസിപ്പിച്ച ഭീമ എന്ന തൂവെള്ള പാല്‍ക്കൂണാണ് മറ്റൊരിനം. ഇതിന് അരക്കിലോയോളം തൂക്കമുണ്ട്. സംരക്ഷിത കൃഷിക്ക്നുഅനുയോജ്യമായ വെള്ളരിയിനങ്ങളാണ് വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജിന്റെ സംഭാവനയായ ശുഭ്രയും ഹീരയും. കൊക്കോ കൃഷിക്ക് പുത്തനുണര്‍വേകുന്ന അഞ്ചിനങ്ങളാണ് വെള്ളാനിക്കരയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്.
പട്ടാമ്പിയില്‍ വികസിപ്പിച്ച കീര്‍ത്തി എന്ന പച്ചമുളകും താര എന്ന കുമ്പളവും വീട്ടുവളപ്പിലെ കൃഷിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കും യോജിച്ചതാണ്. ഒരു പുതിയ ഇനം വികസിപ്പിക്കാന്‍ അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ വേണ്ടി വരുമെന്നത് കണക്കിലെടുക്കുമ്പോഴാണ് ഇരുപത്തിയഞ്ച് ഇനങ്ങള്‍ ഒരുമിച്ച് പുറത്തിറക്കാനായതിന്റെ പിന്നിലെ അധ്വാനവും പ്രതിബദ്ധതയും മനസ്സിലാക്കുകയെന്ന് ഗവേഷണ ഡയറക്ടര്‍ ഡോ. ടി ആര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പുതിയ ഇനങ്ങളുടെ വരവോടെ സര്‍വകലാശാല പുറത്തിറക്കിയ ഇനങ്ങളുടെ എണ്ണം 308 ആയി മാറും. രണ്ട് മാസത്തിനകം വിളയിനങ്ങളുടെ വിത്തുകള്‍ വിതരണം ചെയ്യും. എല്ലാ ഇനങ്ങളുടെയുമായി 35 ടണ്‍ വിത്തുകളാണ് പുറത്തിറക്കുക.