ഹൃത്തടത്തിലേക്ക് പാളി നോക്കുക

    Posted on: June 19, 2015 12:37 am | Last updated: June 18, 2015 at 9:39 pm

    ramadan emblom- newമുറിഞ്ഞ കൈക്ക് ഉപ്പ് തേക്കാത്ത അയാള്‍ കഴിഞ്ഞ റമസാനിനോടനുബന്ധിച്ച് ഒരെണ്ണത്തിന് 1400 രൂപ വിലവരുന്ന 1250 ഭക്ഷണ കിറ്റുകള്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്തു! കിറ്റ് വിതരണ സദസ്സ് മഹാസംഭവമായിരുന്നു. മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരാല്‍ നിബിഡമായ സദസ്സില്‍ രണ്ട് മന്ത്രിമാരും പങ്കെടുക്കുന്നുവെന്ന് മാത്രമല്ല സകലരും അദ്ദേഹത്തെ വാനിനപ്പുറം പുകഴ്ത്തി ! സജീവ രാഷ്ട്രീയത്തിലും അതുവഴി തിരഞ്ഞെടുപ്പിലേക്കും കാലെടുത്തുവെക്കുന്നതിനുള്ള ‘എന്‍ട്രി ആക്ടിവിറ്റി’ ആയിട്ടാണ് ഈ പൊതുവിതരണം ‘ സംഘടിപ്പിച്ചത്. ജനപ്രീതി കൈയിലാക്കാന്‍ നല്ലതാണത്രെ ഈ ദാനസദസ്സ്. എന്ത് ചെയ്യുന്നു എന്നത് പ്രധാനമല്ലെന്നല്ല ; എന്തിന് ചെയ്യുന്നു എന്നതാണ് അതിപ്രധാനം. കൈകാലുകള്‍ എങ്ങനെ അനങ്ങുന്നു എന്ന് നോക്കി വിലയിടുന്നത് മനുഷ്യനാണ്: എന്നാല്‍ മനസിന്റെ സൂചി എവിടേക്ക് തിരിഞ്ഞിരിക്കുന്നു എന്ന് നോക്കി മാര്‍ക്കിടാന്‍ ഉടയതമ്പുരാനാണ് ആവുക. ദീനിന് വേണ്ടി ഉറ്റതും ഉടയതും വിട്ടേച്ച് അന്യനാട്ടിലേക്ക് പലായനം ചെയ്യുക എന്നത് പ്രയാസകരം തന്നെ. പക്ഷെ പ്രത്യക്ഷത്തില്‍ പോക്കെന്ന് തോന്നിക്കുന്ന എല്ലാം പലായനമായിരിക്കില്ല. മനസില്‍ കെട്ടുപെണ്ണിനെ ധ്യാനിച്ച്, അതിനായി പോവുന്നവന് പെണ്ണ് കിട്ടിയേക്കും പുണ്യം കിട്ടില്ല. നിയ്യത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ഹദീസില്‍ അത് ഊന്നിപ്പറഞ്ഞത് അതു കൊണ്ടാണ്. കരുത്തുറ്റത് കൊണ്ടാണ് ഏകദേശമെല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും ഈ ഹദീസ് ഒന്നാമതായി വന്നത്. ചെയ്തുകൊണ്ടേ ഇരുന്നാല്‍ മാത്രമേ പുണ്യം കിട്ടൂ എന്നില്ല. നല്ല നിയ്യത്തോടെ ചെയ്യാതിരുന്നാലും പുണ്യ സിദ്ധി ഉണ്ടായിക്കൊണ്ടിരിക്കും. തബൂക്ക് യുദ്ധം കഴിഞ്ഞ് മടങ്ങി വരുന്ന വഴി ത്വാഹാ റസൂല്‍ (സ) അനുചരനോട് ഈ കാര്യം പറയുന്നുണ്ട്. ശയ്യാവലംബിയായി വീട്ടില്‍ കഴിയുന്ന കുറേയേറെയാളുകള്‍ നമ്മോടൊപ്പമുണ്ടെന്നും അവര്‍ക്ക് ജിഹാദിന്റെ പുണ്യം കിട്ടിക്കൊണ്ടിരിക്കുന്നുണ്ടെന്നും നബി (സ) അരുള്‍ ചെയ്തു. ആവതുകാലത്ത് ആരാധനയില്‍ മുഴുകിയവര്‍ക്ക് വയ്യാകാലത്ത് അതേ പുണ്യം കിട്ടുമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്.
    മറിച്ചും വരും കാര്യങ്ങള്‍. ഒരാള്‍ തിന്‍മ കരുതി, നടന്നില്ല. എന്നാല്‍ കിട്ടി ആ തിന്‍മയുടെ തിക്തത. കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ് എന്ന ഹദീസിന്റെ തുടര്‍ ചര്‍ച്ചയില്‍ ആ ഭാഗം പറയുന്നുണ്ട്. കൊല്ലപ്പെട്ടവന്‍ അപരനെ കൊല്ലാന്‍ നോക്കി നില്‍ക്കുകയായിരുന്നില്ലേ; ആവാഞ്ഞിട്ടല്ലേ – കിടക്കട്ടെ നരകത്തില്‍. എന്നാല്‍ ഒരാളൊരു തിന്‍മ കരുതി. പക്ഷെ സാഹചര്യങ്ങളൊത്തിട്ടും അയാള്‍ അതില്‍ നിന്ന് അകന്നുമാറി. അപ്പോള്‍ കൂലിയാണ് കിട്ടുക.
    കരുതിയിരിക്കണം. ഷോകളുടെ കാലമാണിത്. പഠിപ്പിക്കുന്നതും, ക്ലാസെടുക്കുന്നതും എഴുതുന്നതും പ്രസംഗിക്കുന്നതുമൊക്കെ ഉപമോഹങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു കാലത്ത് നാം ഓരോ കാര്യം ചെയ്യുമ്പോഴും മനസിലേക്ക് പാളി നോക്കണം. സൂചി ഇടംവലം തെന്നിപ്പോവുമ്പോഴൊക്കെ, അതിനെ നേരെയാക്കി നിര്‍ത്തിയില്ലെങ്കില്‍ നാം ചെയ്തു കൂട്ടുന്നതൊക്കെ വെള്ളത്തിലായിപ്പോകും.