Connect with us

Ongoing News

ഗോളിക്ക് പിഴച്ചു; ജമൈക്ക പുറത്തേക്ക്‌

Published

|

Last Updated

ആന്റൊഫഗാസ്റ്റ: കോപ അമേരിക്കയില്‍ പരാഗ്വയോടും തോറ്റതോടെ ജമൈക്ക പുറത്തേക്ക്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പരാഗ്വെയുടെ ജയം. ജമൈക്കന്‍ ഗോളി ദുവായിന്‍ കെറിന്റെ പിഴവില്‍ നിന്ന് എഡ്ഗാര്‍ ബെനിറ്റസാണ് മുപ്പത്തഞ്ചാം മിനുട്ടില്‍ വിജയഗോള്‍ നേടിയത്.
മിഡ്ഫീല്‍ഡര്‍ വിക്ടര്‍ കാസിറെസ് സ്വന്തം ഹാഫില്‍ നിന്ന് തൊടുത്ത ലോംഗ് ബോള്‍ ബോക്‌സിന് പുറത്തേക്ക് ഓടിവന്ന് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്ത കെറിന് അബദ്ധം പിണഞ്ഞു. പന്ത് നേരെ എഡ്ഗാറിന്റെ കാല്‍മുട്ടില്‍ തട്ടി വലയിലേക്ക്. മികച്ച രക്ഷപ്പെടുത്തലുകളുമായി അതുവരെ ജമൈക്കയുടെ ഹീറോ ആയിരുന്നു ഗോളി കെര്‍.
ഒരു ജയവും സമനിലയുമുള്ള പരാഗ്വെക്ക് ഗ്രൂപ്പ് ബിയില്‍ അര്‍ജന്റീനക്കൊപ്പം നാല് പോയിന്റോടെ സംയുക്തമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. പോയിന്റൊന്നുമില്ലാത്ത ജമൈക്കക്ക് മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ട് യോഗ്യത നേടണമെങ്കില്‍ അര്‍ജന്റീനയെ ഗോളില്‍ മുക്കണം. കോപ അമേരിക്കയില്‍ ആദ്യമായി കളിക്കാനെത്തിയ ജമൈക്ക അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് കരുതുന്നില്ല. അടുത്ത മാസം അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഗോള്‍ഡ് കപ്പിനുള്ള സന്നാഹമായിട്ടേ അവര്‍ കോപയെ കണ്ടിട്ടുള്ളൂ.
ആദ്യ കളിയില്‍ അര്‍ജന്റീനയോട് സമനിലയില്‍ കുരുങ്ങിയ പരാഗ്വെയാകട്ടെ കോപയില്‍ പത്ത് മത്സരങ്ങള്‍ക്ക് ശേഷമാണ് ഒരു ജയം സ്വന്തമാക്കുന്നത്.
2011 കോപയില്‍ പരാഗ്വെ ഫൈനലിലെത്തിയത് അഞ്ച് തുടര്‍ സമനിലകളുമായിട്ടായിരുന്നു. ഇതില്‍, നോക്കൗട്ടിലെ സമനില മറികടന്നത് ഷൂട്ടൗട്ട് ജയത്തോടെ.
കോച്ച് റമോണ്‍ ഡയസിനും ഇത് കാത്തിരിപ്പവസാനിപ്പിച്ച ജയം. ചാര്‍ജ് ഏറ്റെടുത്ത ശേഷം ഡയസിന് ആദ്യ അഞ്ച് കളികളില്‍ ജയമില്ലായിരുന്നു. ആറാം മത്സരത്തില്‍ ആശ്വാസം ലഭിച്ചു.

---- facebook comment plugin here -----

Latest