Connect with us

Kerala

ഗണേഷ് കുമാറിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ അനുമതി

Published

|

Last Updated

തിരുവനന്തപുരം: ഗണേഷ്‌കുമാര്‍ എം എല്‍ എക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് സര്‍ക്കാര്‍ അനുമതി നല്‍കി. വിവിധ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്ന കെ ബി ഗണേഷ്‌കുമാറിനെതിരെ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പ്രകാരം തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍കേസ് ഫയല്‍ചെയ്യുന്നതിന് സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എം അബ്ദുല്‍ റാഫി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ നാസിമുദ്ദീന്‍ എന്നിവര്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
തുടര്‍ന്ന് ഇരുവരും തിരുവനന്തപുരം ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മാന നഷ്ടകേസ് ഫയല്‍ചെയ്തു. പൊതുമരാമത്ത് മന്ത്രിക്കെതിരെയും പേഴ്‌സനല്‍ സ്റ്റാഫിനെതിരെയും ലോകായുക്തയില്‍ ജോര്‍ജ് വട്ടക്കുളം എന്നയാള്‍ കൊടുത്ത കേസില്‍ തെളിവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും യാതൊരു രേഖയും ഹാജരാക്കാതെ, കോടതിക്ക് പുറത്ത് മാധ്യമ പ്രതിനിധികളുടെ മുന്നില്‍ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് ഗണേഷ്‌കുമാറിനെതിരെ അബ്ദുല്‍ റാഫിയും നാസിമുദ്ദീനും മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
തെളിവുകള്‍ കോടതിയില്‍ബോധിപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അങ്ങനെ ചെയ്യാതെ പൊതുജനമധ്യത്തില്‍ മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത് മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്തിയെന്നാണ് എന്നാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമം 500-ാം വകുപ്പ് പ്രകാരം രണ്ട് വര്‍ഷത്തേക്ക് തടവും പിഴയും ക്രിമിനല്‍ നടപടി നിയമം 357-ാം വകുപ്പ് പ്രകാരം നഷ്ടപരിഹാരവും വേണമെന്നാണ് ഹരജിയില്‍ പറയുന്നത്.

Latest