അല്‍ റീം ഐലന്റില്‍ 11 സ്വകാര്യ വിദ്യാലയങ്ങള്‍ സ്ഥാപിക്കും

Posted on: June 16, 2015 6:44 pm | Last updated: June 16, 2015 at 6:44 pm

അബുദാബി: പുതിയ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി അല്‍ റീം ഐലന്റില്‍ 11 സ്വകാര്യ വിദ്യാലയങ്ങള്‍ സ്ഥാപിക്കുമെന്ന് അല്‍ റീം ദ്വീപ് വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന അള്‍ദാര്‍ പ്രോപര്‍ട്ടീസ് ആന്‍ഡ് റീം ഇന്‍വെസ്റ്റ്‌മെന്റ്‌സ് അതോറിറ്റി വ്യക്തമാക്കി. അബുദാബി അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍(യു പി സി) പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. പുതുക്കിയ സമഗ്ര മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ദ്വീപില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നതെന്ന് അള്‍ഡര്‍ പ്രോപര്‍ട്ടീസിനായി ദ്വീപില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന തമൂഹ് അധികൃതര്‍ വിശദീകരിച്ചു. പുതിയ മൂന്ന് ആശുപത്രികള്‍, ഒമ്പത് മസ്ജിദുകള്‍, അഞ്ചു ലക്ഷം ചതുരശ്ര മീറ്ററില്‍ ഉദ്യാനങ്ങള്‍, തുറസായ സ്ഥലങ്ങള്‍ എന്നിവക്കൊപ്പം 7.1 ലക്ഷം ചതുരശ്ര മീറ്ററില്‍ വാട്ടര്‍ഫ്രണ്ടും ബീച്ചുമെല്ലാം പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
നിലവില്‍ 2.1 ലക്ഷം താമസക്കാരാണ് അല്‍ റീമിലുള്ളത്. പത്തു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഓഫീസുകള്‍ക്ക് സൗകര്യം ഒരുക്കുന്നമുണ്ട്. ഇതില്‍ 8.5 ലക്ഷം മീറ്ററും ചില്ലറ വില്‍പനക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുതായി പതിനായിരത്തോളം ഹോട്ടല്‍ മുറികള്‍ അനുവദിക്കും. പുതുതായി പണിയുന്ന താമസ കേന്ദ്രങ്ങളില്‍ 20 ശതമാനവും താങ്ങാവുന്ന വിലക്കുള്ളവയാക്കാന്‍ ശ്രദ്ധിക്കും.
ദ്വീപിന് ചുറ്റും സൈക്കിള്‍ സവാരിക്കായുള്ള പാത ഒരുക്കും. ഇതിനെ അബുദാബി ദ്വീപുമായും അല്‍ മറിയാഹ് ദ്വീപുമായും ബന്ധിപ്പിക്കും. ഇതിനായി എട്ട് പാലങ്ങള്‍ ഈ ദ്വീപുകള്‍ക്കിടയില്‍ പണിയും. ഇതില്‍ ഒരെണ്ണത്തിനെ യെഫിനഹ് ദ്വീപുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. 2017 ഓടെ ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ പദ്ധതി ഏറ്റെടുത്തിരിക്കുന്ന നിര്‍മാണ കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്നതായി യു പി എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖാദര്‍ വ്യക്തമാക്കി.
അബുദാബിയുടെ ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷയാണ് യു പി സി വെച്ചുപുലര്‍ത്തുന്നത്. അല്‍ റീം ദ്വീപില്‍ മാത്രമല്ല അബുദാബിയുടെ സമഗ്ര വികസനത്തിനായാണ് നിലകൊള്ളുന്നത്. സുസ്ഥിര വികസനം ഉറപ്പാക്കുന്ന യു പി എയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള പദ്ധതികള്‍ക്ക് മാത്രമാണ് യു പി എ അംഗീകാരം നല്‍കുന്നത്. താമസക്കാര്‍ക്ക് സുഖപ്രദമായ താമസവും സുസ്ഥിരമായ സമൂഹത്തെയും സൃഷ്ടിക്കാനാണ് പരിശ്രമിക്കുന്നത്. അല്‍ റീം ദ്വീപിന്റെ 57 ശതമാനത്തോളം പ്രദേശമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തമൂഹിനെ ഏല്‍പിച്ചിരിക്കുന്നത്. ഇതിന് പുറമെ 20 ശതമാനത്തോളം മേഖല റീം ഇന്‍വെസ്റ്റ്‌മെന്റിനെയും അള്‍ദാറിനെയും ഏല്‍പിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
നിര്‍മാണ കമ്പനികള്‍ സ്വന്തം പദ്ധതികളുടെ അടിസ്ഥാനത്തിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ യു പി സിയുടെ നേതത്വത്തില്‍ നടപ്പാക്കേണ്ടത്. ഇതിനായി നിര്‍മാണ കമ്പനികള്‍ മുന്‍കൂട്ടി പദ്ധതികള്‍ സമര്‍പിക്കേണ്ടതാണ്. നിലവില്‍ മൊത്തം വിസ്തൃതിയുടെ 15 ശതമാനത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അധികം വൈകാതെ ഇത് വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു