വാഹനാപകടം അറിയിക്കാന്‍ ഇ കോള്‍

Posted on: June 15, 2015 7:23 pm | Last updated: June 15, 2015 at 7:23 pm

e-callദുബൈ: അപകടം നടന്ന ഉടന്‍ അധികൃതരെ അറിയിക്കാന്‍ വാഹനങ്ങളില്‍ സൗകര്യം വരുന്നു. ‘ഇ കോള്‍’ എന്ന പേരിലുള്ള പുതിയ വിദ്യയനുസരിച്ചാണിത്. വാഹനംതന്നെ സ്വയം ഏറ്റവും അടുത്ത സഹായകേന്ദ്രത്തിലേക്ക് വിവരം നല്‍കും. അപകടത്തില്‍പ്പെട്ട സ്ഥലത്തിന്റെ വിവരങ്ങളും സന്ദേശത്തോടൊപ്പം തത്സമയം അവിടെ എത്തും. ഇതോടെ സുരക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്രയുംപെട്ടെന്ന് സ്ഥലത്ത് കുതിച്ചെത്താനാവും.
യു എ ഇ യുടെ ടെലികമ്യൂണിക്കേഷന്‍ റഗുലേറ്റിങ് ജനറല്‍ അതോറിറ്റി (ടി ആര്‍ എ) യാണ് പുതിയ സംവിധാനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. യു എ ഇ യിലെ എല്ലാ എമിറേറ്റുകളിലുമായി അഞ്ഞൂറിലേറെ കിലോമീറ്റര്‍ റോഡ് യാത്ര നടത്തി പരീക്ഷണങ്ങള്‍ വിജയകരമായതിനെ തുടര്‍ന്നാണ് പുതിയ സംവിധാനത്തെ കുറിച്ച് ടി ആര്‍ എ യുടെ പ്രഖ്യാപനം പുറത്തുവന്നത്. യു എ ഇ യിലെ ടെലികോം ദാതാക്കളായ ഇത്തിസലാത്തും ഡുവും ഈ സംവിധാനത്തോട് സഹകരിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
2021 ആവുന്നതോടെ റോഡിലെ അപകടങ്ങളും അത്യാഹിതങ്ങളും ഇല്ലാതാക്കുകയെന്ന ലക്ഷ്യവുമായി മുന്നേറുന്ന യു എ ഇയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഊര്‍ജം പകരുന്നതാണ് പുതിയ ഇ കോള്‍ സംവിധാനം. ഇപ്പോള്‍ 25 രാജ്യങ്ങളിലായി നാല്‍പതിലേറെ സംഘടനകള്‍ ഇത്തരം സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
എന്നാല്‍ ഗള്‍ഫ് മേഖലയില്‍ ഈ സംവിധാനം നടപ്പാവുന്ന ആദ്യ രാജ്യമായി യു എ ഇ മാറുമെന്ന് ടി ആര്‍ എ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മാജിദ് സുല്‍ത്താന്‍ അല്‍ മെസ്മര്‍ പ്രഖ്യാപിച്ചു. അപകടങ്ങള്‍ നടക്കുമ്പോള്‍ സ്വയംതന്നെ സഹായം അഭ്യര്‍ഥിക്കുന്ന ഇലക്ട്രോണിക് സംവിധാനമാണ് ഇ കോള്‍ എന്ന് ടി ആര്‍ എ യുടെ ടെക്‌നോളജി ഡെവലപ്‌മെന്റ് ഡയറക്ടര്‍ സെയ്ഫ് ബിന്‍ ഗലൈയ്ത പറഞ്ഞു. ടി യു വി റീന്‍ലാന്‍ഡ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തോടെയാണ് ആശയം നടപ്പാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന പരീക്ഷണങ്ങളില്‍ ഡു, ഇത്തിസലാത്ത് എന്നിവയിലെ വിദഗ്ധരും പങ്ക് ചേര്‍ന്നിരുന്നു.
അപകടം നടന്നാല്‍ കാറില്‍നിന്നുതന്നെ സ്വയം സംസാരിക്കാനും വിവരം കേള്‍ക്കാനുമുള്ള സംവിധാനവും ഇതോടൊപ്പം ഉണ്ടാകും. താമസിയാതെ തന്നെ എല്ലാവാഹനങ്ങളിലും നിര്‍ബന്ധമായും ഈ സംവിധാനം ഉണ്ടാക്കിയെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതിനായി ആഭ്യന്തരമന്ത്രാലയം, വാഹന നിര്‍മാതാക്കള്‍, ടി ആര്‍ എ എന്നിവയുടെ യോഗവും ഉടനെ ചേരും.