താമസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് സൗജന്യ പാര്‍ക്കിംഗ് കാര്‍ഡ്

Posted on: June 15, 2015 6:51 pm | Last updated: June 15, 2015 at 6:51 pm

Parking Rദുബൈ: താമസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് രാത്രികാലങ്ങളിലേക്ക് പ്രത്യേക പാര്‍ക്കിംഗ് പെര്‍മിറ്റ് ആരംഭിച്ചതായി ആര്‍ ടി എ സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ അദിയ്യ് അറിയിച്ചു. രാത്രി കാലത്ത് പെയ്ഡ് പാര്‍ക്കിംഗ് മേഖലയില്‍ ഉള്‍പെടാത്ത സ്ഥലത്തും സൗജന്യമായി പാര്‍ക്ക് ചെയ്യാനുള്ള അനുമതിയാണ് ലഭ്യമാകുക.
രാത്രി കാലങ്ങളില്‍ താമസ കേന്ദ്രങ്ങളില്‍ മറ്റുള്ളവരുടെ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ കയ്യേറുന്നതിന് അവസാനം കുറിക്കാനും ഇതുകൊണ്ട് കഴിയും. പ്രത്യേക തരം പാര്‍ക്കിംഗ് കാര്‍ഡാണ് താമസക്കാര്‍ക്ക് നല്‍കുക.
പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ രാത്രി കാലങ്ങളില്‍ ടൈപ്പ് ആര്‍ പാര്‍ക്കിംഗ് കാര്‍ഡുകള്‍ ഉപയോഗിക്കാം. കുടുംബമായി കഴിയുന്നവര്‍ക്കാണ് ഇതിന്റെ സൗകര്യം ലഭിക്കുക. വാടകക്കരാര്‍ ആര്‍ ടി എയില്‍ ഹാജരാക്കിയാല്‍ മതി. മന്‍ഖൂല്‍ ഭാഗത്ത് ഇത്തരത്തില്‍ പാര്‍ക്കിംഗ് കാര്‍ഡുകള്‍ നല്‍കിത്തുടങ്ങിയതായി മൈത്ത ബിന്‍ അദിയ്യ് അറിയിച്ചു.