കാണാതായ ഡോണിയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Posted on: June 14, 2015 2:19 pm | Last updated: June 16, 2015 at 1:00 pm
SHARE

dornier-missing-oil-spill-650_650x400_41434183763

ചെന്നൈ: മൂന്ന് ജീവനക്കാരെയുമായി ഒരാഴ്ച മുമ്പ് കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ ഡോണിയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ സിര്‍ക്കാഴിയില്‍ കടലിന് 850 മീറ്റര്‍ താഴെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. നാവികസേനയുടെ ഐ എന്‍ എസ് സിന്ധുവാജ്, സാഗര്‍ നിധി തുടങ്ങിയ കപ്പലുകള്‍ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നതിനായി ഇവിടേക്ക് തിരിച്ചിട്ടുണ്ട്.

ഡോണിയര്‍ വിമാനത്തിന്റെ സിഗ്നല്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിമാനത്തിനായി തിരച്ചില്‍ നടത്തുന്ന ഐ എന്‍ എസ് സന്ധ്യക് എന്ന കപ്പലിനാണ് സിഗ്നല്‍ ലഭിച്ചത്. നോവോ തുറമുഖത്തിനും കരൈക്കലിനും ഇടയിലുള്ള സ്ഥലത്ത് നിന്നായിരുന്നു സിഗ്നല്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ തിരച്ചിലിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്.

ജൂൺ എട്ടിന് തിങ്കളാഴ്ച വൈകീട്ട് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ഡോണിയര്‍ വിമാനം രാത്രി 9.23ന് ട്രിച്ചി മേഖലയില്‍ വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.