രാഹുലിന്റെ ഇടപെടല്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വേകുന്നു

Posted on: June 13, 2015 6:00 am | Last updated: June 13, 2015 at 12:05 am

rahul_gandhi_ന്യൂഡല്‍ഹി: രണ്ട് മാസത്തെ ‘അജ്ഞാത’ വാസത്തിന് ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പുനരുജ്ജീവിക്കുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി വിഷയങ്ങളേറ്റെടുത്തു കൊണ്ടാണ് പാര്‍ട്ടി ശക്തിപ്പെടുന്നത്. രണ്ട് മാസത്തെ അസാന്നിധ്യത്തിന് ശേഷം ഏപ്രിലിലാണ് രാഹുല്‍ ഗാന്ധി തിരിച്ചുവന്നത്. കര്‍ഷകരുടെയും ഭൂരഹിതരായ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും ദളിതരുടെയും പ്രശ്‌നങ്ങളേറ്റെടുത്തു കൊണ്ടാണ് രാഹുല്‍ ഗാന്ധി തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് വലിയ കൈയടി നേടാനായി.
ഏറ്റവുമൊടുവില്‍ ശുചീകരണത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് രാഹുല്‍ രംഗത്തുള്ളത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് പാര്‍ട്ടി മെല്ലെ കരകയറുകയാണെന്നാണ് വിലയിരുത്തല്‍. ഏറ്റവുമൊടുവില്‍ രാഹുല്‍ ഏറ്റെടുത്ത ശുചീകരണത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ അദ്ദേഹം ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയെയാണ് അദ്ദേഹം ശക്തമായി വിമര്‍ശിക്കുന്നത്. ഡല്‍ഹിയില്‍ ശക്തമായ സാന്നിധ്യമുറപ്പിച്ച് തലസ്ഥാനം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിവിധ വിഷയങ്ങള്‍ കോണ്‍ഗ്രസിന് പാര്‍ലിമെന്റില്‍ ഉന്നയിക്കാനായെന്നത് പാര്‍ട്ടിക്ക് പ്രതീക്ഷ പകരുന്നുണ്ട്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ പാര്‍ലിമെന്റിനകത്തും പുറത്തും വന്‍ പ്രതിഷേധ ജ്വാലക്കാണ് പാര്‍ട്ടി തിരകൊളുത്തിയത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യപകുതിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് പാര്‍ലിമെന്റില്‍ ഉന്നയിച്ചതെങ്കില്‍ രണ്ടാം പകുതിക്ക് ശേഷം മോദിക്കെതിരെ ശക്തമായ ആക്രമണവുമായി രാഹുല്‍ ഗാന്ധി രംഗത്തുവരുന്നതാണ് കണ്ടത്.
എന്‍ ഡി എ സര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെയും തൊഴില്‍ പരിഷ്‌കരണങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട പാര്‍ട്ടി അടിത്തറ ഇതിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് പാര്‍ട്ടി കണക്ക്കൂട്ടുന്നത്.
ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ വിഷയത്തില്‍ ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കരണ നിയമങ്ങള്‍ പുന:സ്ഥാപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇടവേളക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി വിദര്‍ഭയില്‍ നിന്നാരംഭിച്ച പദയാത്രയിലൂടെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ദളിത് വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്കും പാര്‍ട്ടി തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ദളിത് വോട്ടുകള്‍ ബി ജെ പിയുടെ പെട്ടിയിലാണ് വീണത്. എന്നാല്‍ ഈ വര്‍ഷം ബീഹാറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ദളിത് വോട്ടുകളിലാണ് ബി ജെ പിയുടെ കണ്ണ്. ജിതറാം മഞ്ചിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയത് ഇതിന് തെളിവാണ്. എന്നാല്‍ ഇവിടെ പാര്‍ട്ടിയുടെ ചോര്‍ന്ന് പോയ വീര്യം വീണ്ടെടുക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്.