കിഡ്‌നി തട്ടിപ്പ്: യുവാവ് പിടിയില്‍

Posted on: June 13, 2015 5:02 am | Last updated: June 13, 2015 at 12:02 am

കൊച്ചി: നഗരത്തിലെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് കിഡ്‌നി തട്ടിപ്പ് നടത്തി വന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്, ആലത്തൂര്‍ വടക്കാംചേരി കുളമുള്ളില്‍ വീട്ടില്‍ ആഷികി (40) നെയാണ് സിറ്റി ഷാഡോ പോലീസും പനങ്ങാട് പോലീസും ചേര്‍ന്ന് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ രണ്ട് പേര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി ജെയിംസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
കിഡ്‌നി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആറര ലക്ഷം രൂപയാണ് ഇവരുടെ കയ്യില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തത്. കിഡ്‌നി തകരാറിലായി നഗരത്തിലെ ആശുപത്രികളില്‍ എത്തുന്ന രോഗികളെ വശീകരിച്ചാണ് തട്ടിപ്പ്. രോഗികളെയും ബന്ധുക്കളെയും സമീപിച്ച് കിഡ്‌നി നല്‍കാമെന്ന് വിശ്വസിപ്പിക്കും. തുടര്‍ന്ന് വൃക്ക ദാതാവ് എന്ന വ്യാജേന മറ്റൊരാളെ പരിചയപ്പെടുത്തും. തുടര്‍ന്ന് അഡ്വാന്‍സായി വന്‍തുക വാങ്ങും. പണം കൈപറ്റിയ ശേഷം ഫോണ്‍ സ്വിച്ച് ഒഫ് ആക്കി മുങ്ങുന്നതാണ് ഇയാളുടെ പതിവ്. ജില്ലക്ക് പുറത്തു നിന്നുള്ള നിരവധി പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
വിലകൂടിയ മൊബൈല്‍ ഫോണുകളും, കാറും പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. തട്ടിപ്പ് നടത്തി ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു ഇയാള്‍. പണം നല്‍കിയ ശേഷം ഇയാളുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് കാസര്‍കോട് സ്വദേശികളെ പോലീസില്‍ പരാതിപ്പെട്ടത്.
നഗരത്തില്‍ ആശിഖിനെ പോലെ നിരവധി വ്യാജ ഏജന്റുമാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ പനങ്ങാട് പൊലീസ് സ്റ്റേഷനിലും, സൗത്ത് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ ഹരിശങ്കര്‍, ഷാഡോ എസ് ഐ എ. അനന്തലാല്‍, പനങ്ങാട് എസ് ഐ അജീബ്, സൗത്ത് എസ് ഐ ഗോപകുമാര്‍, പോലീസുകാരായ രഞ്ജിത്ത്, യൂസഫ്, വേണു, വിശാല്‍, ശ്രീകാന്ത്, ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.